ഭരണഘടനാ ഭേദഗതിയിൽ വോട്ടെടുപ്പിനൊരുങ്ങി ഖത്തർ
|നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പൗരന്മാർക്ക് വോട്ട് രേഖപ്പെടുത്താം
ദോഹ: ഭരണഘടനാ ഭേദഗതിയിൽ വോട്ടെടുപ്പിനൊരുങ്ങി ഖത്തർ. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പൗരന്മാർക്ക് വോട്ട് രേഖപ്പെടുത്താം. ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിക്ക് വേണ്ടിയാണ് ഖത്തർ നാളെ ബൂത്തിലെത്തുന്നത്. 18 വയസ് പൂർത്തിയായ എല്ലാ പൗരന്മാർക്കും അഭിപ്രായം രേഖപ്പെടുത്താം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 28 പോളിങ് സ്റ്റേഷനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 10 എണ്ണം പേപ്പർ ബാലറ്റ് വഴി വോട്ട് ചെയ്യാവുന്നവയും ബാക്കിയുള്ള ഇലക്ട്രോണിക് വോട്ടിങ് കേന്ദ്രങ്ങളുമാണ്. ഇതിന് പുറമെ മെട്രാഷ് ആപ്ലിക്കേഷൻ ഉപയോഗിച്ച് റിമോട്ട് വോട്ടിങ്ങിനുള്ള സൗകര്യവുമുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഖത്തരി പൗരന്മാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. വോട്ടെടുപ്പ് പൂർത്തിയായി 24 മണിക്കൂറിനകം ഫലപ്രഖ്യാപനവും നടക്കും.
2021 ഒക്ടോബറിലാണ് ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മൂന്നിൽ രണ്ടു ഭാഗം അംഗങ്ങളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. 45 അംഗ കൗൺസിലിലെ 30 പേർ ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ശേഷിച്ച 15 പേർ നേരിട്ട് നിയമിക്കപ്പെടുകയായിരുന്നു. ഇനി മുഴുവൻ അംഗങ്ങളെയും നോമിനേറ്റ് ചെയ്യുന്ന രീതിയിലേക്ക് മാറുന്നതിനാണ് ഹിതപരിശോധന നടക്കുന്നത്.