ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ശ്രമങ്ങളുമായി ഖത്തർ പ്രധാനമന്ത്രി റഷ്യയിൽ
|യു.എൻ സെക്യൂരിറ്റി കൗൺസിൽ സ്ഥിരാംഗങ്ങൾ വഴി ഇസ്രായേലിനുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
സ്‌കോ: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ശ്രമങ്ങളുമായി ഖത്തർ പ്രധാനമന്ത്രി റഷ്യയിലെത്തി. ബ്രിട്ടണിലും അദ്ദേഹം സന്ദർശനം നടത്തും. അതേസമയം വെടിനിർത്തൽ സാധ്യതകൾ സജീവമായതോടെ ഗസ്സയിലേക്ക് ഖത്തർ കൂടുതൽ അവശ്യവസ്തുക്കളയച്ചു. ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കണമെന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിലെ തീരുമാനത്തിന്റെ ഭാഗമായാണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി റഷ്യയിലെത്തിയത്.
യു.എൻ സെക്യൂരിറ്റി കൗൺസിൽ സ്ഥിരാംഗങ്ങൾ വഴി ഇസ്രായേലിനുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. റഷ്യക്ക് പിന്നാലെ ബ്രിട്ടനിലും അദ്ദേഹം സന്ദർശനം നടത്തും. അതേസമയം ബന്ദികൈമാറ്റത്തിനും വെടിനിർത്തലിനുമുള്ള സാധ്യതകൾ സജീവമായതോടെ ഖത്തർ ഗസ്സയിലേക്ക് വീണ്ടും അവശ്യ വസ്തുക്കൾ അയച്ചു. രണ്ട് വിമാനങ്ങളിലായി 93 ടൺ അവശ്യ വസ്തുക്കൾ ഈജിപ്തിലെ അൽ അരീഷിലെത്തി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റും ഖത്തർ റെഡ് ക്രസന്റും നൽകിയ സഹായമാണ് വിമാനത്തിലുള്ളത്.ഇതുവരെ 13 വിമാനങ്ങളിലായി 492 ടൺ വസ്തുക്കൾ ഖത്തർ ഗസ്സയിലേക്ക് അയച്ചിട്ടുണ്ട്.