അൽ അഖ്സ പള്ളി ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഖത്തർ
|വിഷയത്തില് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം
അൽ അഖ്സ പള്ളി ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഖത്തർ. പള്ളിയിൽ അധികാരം സ്ഥാപിക്കാനുള്ള നീക്കം മുസ്ലിം സമൂഹത്തോടുള്ള അക്രമമാണ്. ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
തീവ്ര വലതുപക്ഷക്കാരനായ മന്ത്രി ഇറ്റാമിർ ബെൻക്വിറാണ് വൻ സുരക്ഷാ അകമ്പടിയോടെ മസ്ജിദുൽ അഖ്സയിലെത്തിയത്. ഇതിനെതിരെ ഇസ്രയേലിലെ പ്രതിപക്ഷം തന്നെ രംഗത്ത് വന്നിരുന്നു. സന്ദർശനം മനുഷ്യ ജീവിതത്തിനു ഭീഷണിയാകുമെന്നായിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര തലത്തിലും വൻ വിമർശനം ഉയർന്നത്.
മസ്ജിദുൽ അഖ്സ ലക്ഷ്യമിട്ടുള്ള നീക്കം ഫലസ്തീനികൾക്കെതിരായ ആക്രമണം മാത്രമല്ല, ഇത് ആഗോള മുസ്ലിം സമൂഹത്തിനെതിരായ ആക്രമണമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മേഖലയിലെ മുസ്ലിം-ക്രിസ്ത്യൻ ആരാധനാലയങ്ങളും പാർപ്പിടങ്ങളും തകർക്കുകയാണ്. ഇസ്രയേലി കുടിയേറ്റ അതോറിറ്റിയാണ് ഈ പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി. അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെടണം. തുർക്കി വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലും മസ്ജിദുൽ അഖ്സ വിഷയം ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ചർച്ച ചെയ്തു. ഇന്നലെ 15 കാരനായ ഫലസ്തീൻ ബാലനെ ഇസ്രയേലി സൈന്യം വെടിവെച്ച് കൊന്നിരുന്നു.