Qatar
majid al ansari qatar
Qatar

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങളെ തള്ളി ഖത്തര്‍

Web Desk
|
25 Jan 2024 11:55 AM GMT

നെതന്യാഹു മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തുരങ്കംവെക്കുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി

ദോഹ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വിമര്‍ശനങ്ങള്‍ തള്ളി ഖത്തര്‍. ഇസ്രായേലിനും ഹമാസിനുമിടയില്‍ ബന്ദി മോചനത്തിനും വെടിനിര്‍ത്തലിനും മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ പ്രശ്നക്കാരാണ് എന്നായിരുന്നു നെതന്യാഹുവിന്റെ ആക്ഷേപം. ഐക്യരാഷ്ട്ര സഭയും റെഡ്ക്രോസും പോലെ തന്നെയാണ് ഖത്ത​ർ എന്ന് നെതന്യാഹു പറയുന്ന സംഭാഷണം പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി സോഷ്യല്‍ മീഡിയ വഴി മറുപടി നല്‍കിയത്. നിരുത്തരവാദപരവും വിനാശകരവുമാണ് ‌പ്രസ്താവന. എന്നാല്‍, നെതന്യാഹു ഇങ്ങനെ പറയുന്നതില്‍ അതിശയമില്ലെന്നും മാജിദ് അല്‍ അന്‍സാദി ‘എക്സി’ല്‍ കുറിച്ചു.

പുറത്തുവന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ബന്ദികളുടെ ജീവന്‍ രക്ഷിക്കാൻ മുന്‍ഗണന നല്‍കുന്നതിന് പകരം രാഷ്ട്രീയ നേട്ടമാണ് നെതന്യാഹു ലക്ഷ്യമിടുന്നത്. ഇതിനായി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുകയും ചെയ്യുന്നു. അമേരിക്കയുമായുള്ള ഖത്തറിന്റെ നയതന്ത്ര ബന്ധങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം ബന്ദികളുടെ മോചനത്തിനായി നെതന്യാഹു ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാജിദ് അല്‍ അന്‍സാരി ട്വീറ്റ് ചെയ്തു.

Similar Posts