കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന് ഖത്തർ
|വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിക്കാനായി ഖത്തറിൽ നിന്നുള്ള സാങ്കേതിക സംഘം കാബൂളിലെത്തിയിട്ടുണ്ട്
കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രി. ഭാവി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാത്രമേ താലിബാനെ അംഗീകരിക്കുകയുള്ളൂവെന്നും എന്നാല്‍ ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധരാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ദോഹയില്‍ പറഞ്ഞു. ഖത്തർ സന്ദർശിക്കുന്ന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ പ്രതികരണം.
വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിക്കാനായി ഖത്തറിൽ നിന്നുള്ള സാങ്കേതിക സംഘം കാബൂളിലെത്തിയിട്ടുണ്ട്. വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ ഗതിയിലാക്കാനുള്ള ശ്രമത്തിലാണ് വിദഗ്ധ സംഘം. വരും ദിവസങ്ങളിൽ തന്നെ നല്ല വാർത്ത പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. താലിബാനുമായി ചർച്ച നടത്തുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. എന്നാൽ, താലിബാനെ ഉടൻ അംഗീകരിക്കാൻ ബ്രിട്ടന് പദ്ധതിയില്ല. വാക്കുകളിലൂടെയല്ല, പ്രവർത്തിയിലൂടെയാണ് അവരെ വിലയിരുത്തപ്പെടുകയെന്നും ഡൊമനിക് റാബ് പറഞ്ഞു. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനെ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാവാൻ അനുവദിക്കരുതെന്നും, രാജ്യത്തെ മാനുഷിക സാഹചര്യങ്ങളെ അഭിമുഖീകരിച്ച് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.