ലോകരാജ്യങ്ങള്‍ ഊര്‍ജ സ്രോതസായി പ്രകൃതിവാതകത്തെ ആശ്രയിക്കുമെന്ന് ഖത്തര്‍ ഊര്‍ജസഹമന്ത്രി
|ജപ്പാനിലെ ടോക്കിയോയില്‍ നടന്ന എൽ.എൻ.ജി കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദോഹ: 2050 ഓടെ കൂടുതല്‍ ലോകരാജ്യങ്ങള്‍ ഊര്‍ജ സ്രോതസായി പ്രകൃതിവാതകത്തെ ആശ്രയിക്കുമെന്ന് ഖത്തര്‍ ഊര്‍ജസഹമന്ത്രി സഅദ് ഷെരീദ അല്‍കാബി. ജപ്പാനിലെ ടോക്കിയോയില്‍ നടന്ന എൽ.എൻ.ജി കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തെ വിര്‍ച്വലായാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.
കാര്‍ബണ്‍ മലിനീകരണം കുറക്കുന്നതിന് സുസ്ഥിരവും ഫലപ്രദവുമായ ഊര്‍ജപരിവര്‍ത്തനമാണ് വേണ്ടത്. ഇതിന് കൃത്യമായ റോഡ് മാപ്പ് വേണം. ഇതിനായി ലോകം വേഗത്തിൽ തയ്യാറെടുക്കണമെന്ന് ഖത്തര്‍ ഊര്‍ജസഹമന്ത്രി ആവശ്യപ്പെട്ടു. സമ്പന്നരുടെയും വികസിത രാജ്യങ്ങളുടെയും ആവശ്യങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നത് ആകരുത് ഈ പ്ലാൻ, വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങൾക്കും മുൻഗണന നൽകണം.
എണ്ണ, വാതക മേഖലകളില്‍ നിക്ഷേപങ്ങളുടെ അഭാവം തുടരുകയാണ്. ഇത് വിതരണത്തെയും അസ്ഥിരപ്പെടുത്തുന്നുണ്ട്. പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ച് ഏറ്റവും ശുദ്ധമായ ഹൈഡ്രോകാർബൺ ഊർജ സ്രോതസ്സാണ് ഖത്തർ ലോകത്തിന് നൽകുന്നത്. 2029ഓടെ ആഗോളാടിസ്ഥാനത്തിൽ 40 ശതമാനം എൽ.എൻ.ജി വിതരണവും ഖത്തർ എനർജി പദ്ധതികളിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.