Qatar
വെടിനിര്‍ത്തലിന് പാശ്ചാത്യരാജ്യങ്ങള്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലെന്ന് ഖത്തര്‍
Qatar

വെടിനിര്‍ത്തലിന് പാശ്ചാത്യരാജ്യങ്ങള്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലെന്ന് ഖത്തര്‍

Web Desk
|
27 Nov 2023 8:14 PM GMT

വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് ഈജിപ്ത് ഖത്തര്‍ അമീറിന് നന്ദി പറഞ്ഞു

ഗസ്സയില്‍ വെടിനിര്‍ത്തലിന് പാശ്ചാത്യരാജ്യങ്ങള്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദം ചെലുത്തിയില്ലെന്ന് ഖത്തര്‍ പ്രധാമന്ത്രി. മേഖലയില്‍ ശാശ്വത സമാധാനമാണ് ഖത്തറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളോട് പാശ്ചാത്യ ലോകം പ്രതികരിച്ച രീതി നിരാശാജനകമാണ്.

ഒക്ടോബര്‍ ഏഴിന് സാധാരണക്കാര്‍ക്കെതിരെ നടന്ന ആക്രമണങ്ങളെ എല്ലാവരും അപലപിച്ചതാണ്. പക്ഷെ സമാന പ്രതികരണം പാവപ്പെട്ട ഫലസ്തീനികളുടെ ജീവന്റെ കാര്യത്തിലുണ്ടായില്ല. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ അറബ് യുവത്വത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ഫിനാന്‍ഷ്യല്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കി.

ഖത്തറിലെ ഹാമസ് ഓഫീസുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ മുന്നോട്ട് പോകുന്നത്, അവർ ഗസ്സയിലെ ഹമാസുമായി കൂടിയാലോചിച്ച് വിവരങ്ങൾ കൈമാറുകയാണ് ചർച്ചയുടെ രീതി. ഖത്തറിലെ ഹമാസിന്റെ ഓഫീസിന്റെ സാന്നിധ്യം ഇത്തരത്തിലുള്ള ആശയ വിനിമയങ്ങൾ എളുപ്പമാക്കാൽ എല്ലാ വിഭാഗങ്ങൾക്കും ഗുണകരമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം പൂർണമായും അവസാനിപ്പിക്കാനാണ് ഖത്തറിന്റെ ശ്രമം. രാഷ്ട്രീയ പരിഹാരത്തിലൂടെ ഫലസീതീൻ ജനതക്ക് ശാശ്വത സമാധാനം ഉറപ്പാക്കുകയാണ് പ്രതിവിധി. ഗസ്സയും വെസ്റ്റ്ബാങ്കും ഒന്നായി, ഏകീകൃതമായൊരു നേതൃത്വത്തിൽ രാഷ്ട്രമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം താല്‍ക്കാലിക വെടിനിര്‍ത്തലില്‍ മുഖ്യപങ്കുവഹിച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍സിസി നന്ദി പറഞ്ഞു.

Similar Posts