'ന്യൂനപക്ഷ സംരക്ഷണത്തില്‍ യൂറോപ്പിന് ഇരട്ടത്താപ്പ്'; രൂക്ഷവിമര്‍ശനവുമായി ഖത്തര്‍
|യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പാസാക്കിയ മതവിദ്വേഷത്തിനെതിരായ പ്രമേയത്തെ 28 രാജ്യങ്ങള്‍ പിന്തുണച്ചു
ദോഹ: ന്യൂനപക്ഷ അവകാശ സംരക്ഷണത്തില്‍ യൂറോപ്പിന് ഇരട്ടത്താപ്പെന്ന് ഖത്തര്‍. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ലുല്‍വ അല്‍ ഖാതര്‍. മതവിദ്വേഷത്തിനെതിരായ പ്രമേയത്തെ ഖത്തര്‍ അടക്കം 28 രാജ്യങ്ങള്‍ പിന്തുണച്ചു.
ഇസ്ലാമോഫോബിയക്കെതിരായ യൂറോപ്പിന്റെ നിലപാടിനെ കടുത്ത ഭാഷയിലാണ് ഖത്തര്‍ വിമര്‍ശിച്ചത്. സ്വീഡനിലെ ഖുര്‍ആന്‍ കത്തിക്കലിന് പിന്നാലെയാണ് മതവിദ്വേഷ സംഭവങ്ങളിലെ ഇരട്ടത്താപ്പ് ഖത്തര്‍ തുറന്നുകാട്ടിയത്. ചില രാജ്യങ്ങളിൽ മുസ്ലിംകൾക്കെതിരായ മതവിദ്വേഷ പ്രസംഗങ്ങൾ തടയുന്നതില്‍ എതിർപ്പ് പ്രകടിപ്പിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. അതേസമയം തന്നെ അവർ സ്വയം നിർവചിക്കപ്പെട്ട ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി ഓരോ ദിവസവും പുതിയ നിയമങ്ങളും പ്രസ്താവനകളുമിറക്കുകയും ചെയ്യുന്നുണ്ടെന്ന് ലുല്‍വ അൽ ഖാതിർ ചൂണ്ടിക്കാട്ടി.
ഇസ്ലാമോഫോബിയക്കെതിരെ കണ്ണടക്കുന്നവര്‍ മുസ്ലിം രാജ്യങ്ങളിലേക്ക് ഭൂതക്കണ്ണാടി വെച്ചിരിക്കുകയാണ്. ഒരു വ്യക്തിയിൽ മാത്രം സംഭവിക്കുന്ന കാര്യങ്ങളെ പെരുപ്പിച്ച് കാണിച്ച് സർക്കാറുകളെ സമ്മര്‍ദത്തിലാക്കുന്നു. യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പാസാക്കിയ മതവിദ്വേഷത്തിനെതിരായ പ്രമേയത്തെ 28 രാജ്യങ്ങള്‍ പിന്തുണച്ചു. ഏഴ് രാജ്യങ്ങള്‍ വിട്ടുനിന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും അടക്കം 12 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്തു. എതിര്‍പ്പ് പ്രകടിപ്പിച്ച രാജ്യങ്ങള്‍ ഖുര്‍ആന്‍ കത്തിച്ചതിനെ തള്ളിപ്പറഞ്ഞെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം പരിഗണിച്ചാണ് പ്രമേയത്തെ എതിര്‍ത്തത്.