ജറുസലേമിനെ ജൂതവത്കരിക്കാനുള്ള ഇസ്രായേല്‍ നീക്കത്തെ ശക്തമായി അപലപിച്ച് ഖത്തര്‍ ശൂറ കൗണ്‍സില്‍
|ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടികള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്ന് ശൂറ കൗണ്‍സില്‍
ദോഹ: ജറുസലേമിനെ ജൂതവത്കരിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെ ശക്തമായി അപലപിച്ച് ഖത്തര്‍ ശൂറ കൗണ്‍സില്‍. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടികള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്ന് ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെയാണ് ജറുസലേമിനെ ജൂതവത്കരിക്കാനുള്ള നീക്കം നടക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.
വെസ്റ്റ്ബാങ്കിലേക്കും ജൂത കുടിയേറ്റം വ്യാപിപ്പിക്കാന്‍ പുതിയ ഇസ്രായേലി സര്‍ക്കാരിന് പദ്ധതിയുണ്ട്. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഈ നീക്കത്തിനെതിരെ അറബ് പാര്‍ലമെന്‍റും ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയനും ലോകരാജ്യങ്ങളും രംഗത്ത് വരണമെന്ന് ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുള്ള അല്‍ഗാനിമിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര നയത്തെ അപകടപ്പെടുത്തുന്നതാണ് ഇസ്രായേലിന്‍റെ നീക്കം. ഇത് അന്താരാഷ്ട്ര നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.