ഗൾഫ് മാധ്യമം ഖത്തർ സോക്കർ കപ്പ് ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു
|ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നീ വൻകരകളിൽനിന്നുള്ള ഖത്തറിലെ 32 സ്കൂൾ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
ദോഹ: ഗൾഫ് മാധ്യമം ഖത്തർ സോക്കർ കപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നീ വൻകരകളിൽനിന്നുള്ള ഖത്തറിലെ 32 സ്കൂൾ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നവംബർ മൂന്ന്, നാല് തിയ്യതികളിലാണ് ഗൾഫ് മാധ്യമം ഖത്തർ സോക്കർ കപ്പ് നടക്കുന്നത്. അമേരിക്കൻ, ബ്രിട്ടീഷ്, ഖത്തരി, ഇന്ത്യൻ, ഫിലിപ്പീൻസ് തുടങ്ങിയ കരിക്കുലത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ടീമുകൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നുണ്ട്. ഹാമിൽട്ടൻ ഇന്റർനാഷനൽ സ്കൂളുകളിലാണ് നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റ് നടക്കുന്നത്.
ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഷർഖ് ഇൻഷുറൻസ് മാർക്കറ്റിങ് ആന്റ് ഡിസ്ട്രിബ്യൂഷൻ മേധാവി യാദ് ബർഗൗത് ഫനോസും ഗൾഫ് മാധ്യമം -മീഡിയവൺ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരിയും ചേർന്ന് ലോഗോ പുറത്തിറക്കി. നസീം മെഡിക്കൽ സെന്റർ മാർക്കറ്റിങ് അസിസ്റ്റന്റ് മാനേജർ ഇഖ്ബാൽ അബ്ദുല്ല, ഇൻഡോ ഖത്തർ പ്രതിനിധി മുഹമ്മദ് സയാഫുൾ, ഖത്തർ സോക്കർ കപ്പ് പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് റാഫി, ടെക്നിക്കൽ മേധാവി തഹ്സീൻ അമീൻ, ഗൾഫ് മാധ്യമം റീജ്യനൽ മാനേജർ സാജിദ് ടി.എസ്, മാർക്കറ്റിങ് മാനേജർ ആർ.വി റഫീഖ്, സീനിയർ റിപ്പോർട്ടർ കെ. ഹുബൈബ് എന്നിവർ പങ്കെടുത്തു.