ആഭ്യന്തര യുദ്ധം തകര്‍ത്ത യെമനില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ഖത്തര്‍
|ചെറുകിട സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി 45000 യെമന്‍ പൗരന്‍മാര്‍ക്ക് ഖത്തര്‍ തൊഴില്‍ ഉറപ്പാക്കും
ഖത്തര്‍: ആഭ്യന്തര യുദ്ധം തകര്‍ത്ത യെമനില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ഖത്തര്‍. 4,5000 യെമനികള്‍ക്ക് തൊഴില്‍ ലഭ്യമാക്കും. ചെറുകിട സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയാണ് 45000 യെമന്‍ പൗരന്‍മാര്‍ക്ക് ഖത്തര്‍ തൊഴില്‍ ഉറപ്പാക്കുക.
ഇതോടൊപ്പം വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ തകര്‍ന്ന രാജ്യം പുനര്‍നിര്‍മാണത്തിനുള്ള പദ്ധതികളും ഖത്തര്‍ തയ്യാറാക്കിയിട്ടുണ്ട്. ഖത്തറിലെ യെമന്‍ അംബാസഡര്‍ റജീഹ് ബാദിയെ ഉദ്ദരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യെമനിലെ സുപ്രധാനമായ ഏദന്‍ പവര്‍ സ്റ്റേഷന്‍ 14 മില്യണ്‍ ഡോളര്‍ ചെലവിട്ട് ഖത്തര്‍ പുതുക്കി പണിയും, എജ്യുക്കേഷന്‍ എബൌ ആള്‍ പദ്ധതി വഴി യുദ്ധം തകര്‍ത്ത മേഖലകളില്‍ സ്കൂളുകള്‍ പണിയും. മറ്റു മേഖലകളിലെയും സ്കൂളുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പാക്കും. ഖത്തര്‍ ചാരിറ്റിയുടെ സഹായത്തോടെ വിവിധ മേഖലകളില്‍ പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും,ആരോഗ്യ മേഖലയില്‍ പ്രധാനപ്പെട്ട ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കാനും ഖത്തര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.