ടൂറിസം മേഖലയിലെ മികവിനുള്ള 'ഖത്തര്‍ ടൂറിസം പുരസ്കാരങ്ങള്‍' പ്രഖ്യാപിച്ചു
|മേഖലയുടെ വികസനത്തില്‍ പങ്കുവഹിക്കുന്ന വിവിധ സ്ഥാപനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹരായത്
ദോഹ: ടൂറിസം മേഖലയിലെ മികവിനുള്ള ഖത്തർ ടൂറിസം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ ടൂറിസം മേഖലയുടെ വികസനത്തിൽ പങ്കുവഹിക്കുന്ന വിവിധ സ്ഥാപനങ്ങളാണ് പുരസ്കാരത്തിന് അർഹരായത്. യു.എൻ ടൂറിസത്തിനു കീഴിലെ വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി സഹകരിച്ചാണ് ഖത്തർ ടൂറിസം അവാർഡുകൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം മുതലാണ് അവാർഡുകൾ പ്രഖ്യാപിച്ചു തുടങ്ങിയത്. ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു.
വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ, സേവന മേഖല തുടങ്ങിയവയിലായി ഏഴ് വിഭാഗങ്ങളിലാണ് ഇത്തവണ അവാർഡ് നൽകിയത്. ഈ വർഷം ആദ്യമായി അവതരിപ്പിച്ച ടൂറിസം ഇൻഫ്ളുവൻസർ ഓഫ് ദി ഇയർ പുരസ്കാരത്തിന് സൗദ് അൽ കുവാരി അർഹനായി. കതാറ കൾച്ചറൽ വില്ലേജ് സി.ഇ.ഒ ഡോ.ഖാലിദ് ഇബ്രാഹിം അൽ സുലൈതി ടൂറിസം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായി. ഈ വർഷം ആദ്യത്തിൽ ഖത്തർ വേദിയൊരുക്കിയ ഏഷ്യൻ കപ്പ് ഫുട്ബാളിനും പുരസ്കാരങ്ങൾ ലഭിച്ചു. വർഷത്തെ ഏറ്റവും മികച്ച കായികമേള, അസസ്സിബിലിറ്റി ഇനിഷ്യേറ്റീവ് പുരസ്കാരങ്ങളാണ് ലഭിച്ചത്.