ജനീവ മോട്ടോർ ഷോ കളറാക്കാൻ വിവിധ പരിപാടികളുമായി ഖത്തർ ടൂറിസം
|ലോകോത്തര കാർ ബ്രാൻഡുകളുടെ ഓഫ് റോഡ് പ്രകടനങ്ങളാകും പരിപാടിയുടെ ആകർഷണം
ദോഹ: ദോഹയിൽ നടക്കുന്ന ജനീവ അന്താരാഷ്ട്ര മോട്ടോർ ഷോയോട് അനുബന്ധിച്ച് സീ ലൈനിൽ സാഹസിക പ്രകടനങ്ങളൊരുക്കി ഖത്തർ ടൂറിസം. ലോകോത്തര കാർ ബ്രാൻഡുകളുടെ ഓഫ് റോഡ് പ്രകടനങ്ങളാകും പരിപാടിയുടെ ആകർഷണം.
ഒക്ടോബർ അഞ്ചിനാണ് ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മോട്ടോർ ഷോകളിലൊന്നായ ജനീവ മോട്ടോർ ഷോ ഡി.ഇ.സി.സിയിൽ തുടങ്ങുന്നത്. ഇതിനോട് അനുബന്ധിച്ചാണ് ഖത്തർ ടൂറിസം സീ ലൈനിൽ സാഹസിക പ്രകടനങ്ങൾ ഒരുക്കുന്നത്. പ്രമുഖ കാർ നിർമാതാക്കളുടെ ഓഫ് റോഡ് വാഹനങ്ങൾ അഭ്യാസങ്ങൾ ഒരുക്കും. ടിക്കറ്റ് മുഖേനയായിരിക്കും പ്രവേശനം.
അഞ്ച് മണിക്കൂർ നീളുന്ന സീലൈൻ അഡ്വഞ്ചർ ഹബിലെ കാഴ്ചകൾ വൈകിട്ട് മൂന്ന് മണിയോടെ തുടങ്ങും. ഒട്ടക സവാരി, ക്വാഡ് ബൈക്കിങ്, സാൻഡ് ബോർഡിങ്, റിമോർട്ട് കാറുകൾ ഓടിക്കൽ, ഡ്യൂൺ ബാഷിങ് അടക്കമുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ഇവിടെ സന്ദർശകർക്ക് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ലൈവ് കുക്കിങ് സ്റ്റേഷനുകളും സംഗീത പരിപാടികളും സീ ലൈൻ അഡ്വഞ്ചർ ഹബിൽ ആസ്വദിക്കാം.