തണുപ്പ്; പകർച്ചപ്പനിയെ പ്രതിരോധിക്കാൻ കുത്തിവെപ്പെടുക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം
|2022ൽ 760 പേർ പകർച്ചപ്പനി ബാധിച്ച് ആശുപത്രികളിൽ അഡ്മിറ്റായതായി ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പറയുന്നു
തണുപ്പ് കാലമായതോടെ സീസണൽ പകർച്ചപ്പനിയെ പ്രതിരോധിക്കാൻ കുത്തിവെപ്പെടുക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം. പ്രതിരോധ കുത്തിവെപ്പിലൂടെ പകർച്ചപ്പനി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ 60 ശതമാനം കുറയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തണുപ്പ് കാലമായതോടെ പകർച്ചപ്പനിയ്ക്കുള്ള സാധ്യത ഏറെയാണ്. മുൻ വർഷങ്ങളിൽ ചിലർക്കെങ്കിലും ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കിയിരുന്നു. 2022 ൽ 760 പേർ പകർച്ചപ്പനി ബാധിച്ച് ആശുപത്രികളിൽ അഡ്മിറ്റായതായി ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പറയുന്നു. എന്നാൽ കൃത്യമായ വാക്‌സിനേഷനിലൂടെ പനിയെ പ്രതിരോധിക്കാനാകും. മുതിർന്നവരിൽ 60 ശതമാനവും കുട്ടികളിൽ 75 ശതമാനവും പനിയുടെ ആഘാതം കുറയ്ക്കാൻ കുത്തിവെപ്പിന് സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആറ് മാസവും അതിന് മുകളിലുള്ളവരുമായ എല്ലാവർക്കും വാക്സിൻ സ്വീകരിക്കാം. ഗർഭിണികൾ, 50 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ചെറിയ കുട്ടികൾ തുടങ്ങിയവർ വാക്‌സിനെടുക്കുമ്പോൾ സൂക്ഷിക്കണം. ഇൻഫ്‌ലുവൻസ വാക്‌സിൻ ഖത്തറിലെ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി സ്വീകരിക്കാം.