ഇസ്രായേൽ അധിനിവേശത്തിനെതിരായ അന്താരാഷ്ട്ര കോടതിയുടെ നിലപാട് സ്വാഗതം ചെയ്ത് ഖത്തർ
|ഫലസ്തീൻ മേഖലയിൽ നിന്ന് ഇസ്രായേൽ നിരുപാധികം പിൻമാറണമെന്ന് ഖത്തർ ആവശ്യപ്പെട്ടു
ദോഹ: ഇസ്രായേൽ അധിനിവേശത്തിനെതിരായ അന്താരാഷ്ട്ര കോടതിയുടെ നിലപാട് സ്വാഗതം ചെയ്ത് ഖത്തർ. ഫലസ്തീൻ മേഖലയിൽ നിന്ന് ഇസ്രായേൽ നിരുപാധികം പിൻമാറണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്നത് നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഐ.സി.ജെ പരാമർശിച്ച ഫലസ്തീൻ പ്രദേശം വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലെം, ഗസ്സ എന്നിവ ഉൾക്കൊള്ളുന്നതാണ്. ഫലസ്തീൻ മണ്ണിൽനിന്ന് ഇസ്രായേൽ പൂർണമായി പിൻവാങ്ങണം. അതിന് പകരം കുടിയേറ്റം വ്യാപിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭിപ്രായത്തിനുസരിച്ച് നിരുപാധികം പിൻവാങ്ങാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ ഖത്തർ എന്നും പിന്തുണക്കും. 1967ലെ അതിർത്തി അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കപ്പെടണമെന്നാണ് ഖത്തറിന്റെ പ്രഖ്യാപിത നിലപാടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.