ഫീസുകൾ കുറയ്ക്കും; നിക്ഷേപകരെ ആകർഷിക്കാനുള്ള നടപടികളുമായി ഖത്തർ
|രജിസ്ട്രേഷൻ ഫീസ് 10,000 റിയാലിൽ 500 റിയാലായാണ് കുറച്ചത്
ദോഹ: നിക്ഷേപകരെ ആകർഷിക്കാനുള്ള നടപടികളുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം. വിവിധ സേവനങ്ങൾക്കുള്ള ഫീസുകൾ ഗണ്യമായി കുറയ്ക്കും. രജിസ്ട്രേഷൻ ഫീസ് 10,000 റിയാലിൽ 500 റിയാലായാണ് കുറച്ചത്. രാജ്യത്ത് നിക്ഷേപത്തിന് ആകർഷകമായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കുക, ഉപഭോക്തൃ സംരക്ഷണം, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്തുണക്കുക, ദേശീയ-വിദേശ പദ്ധതികൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഫീസുകൾ കുറക്കുന്നത്. ചില ഫീസുകൾ 90 ശതമാനം വരെ കുറക്കുന്നുണ്ട്. നിരക്കുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും.
കൊമേഴ്സ്യൽ രജിസ്ട്രേഷൻ, കൊമേഴ്സ്യൽ പെർമിറ്റ്, വാണിജ്യ ഏജന്റ്സ് രജിസ്ട്രി, വാണിജ്യ കമ്പനി സേവനങ്ങൾ, കൺസൾട്ടൻസി സേവനങ്ങൾ, ഗുണനിലവാര ലൈസൻസുകൾ, പേറ്റന്റ് സേവനങ്ങൾ, ഡിസൈനുകളുടെയും വ്യാവസായിക മോഡലുകളുടെയും സംരക്ഷണം, വ്യാവസായിക വികസന സേവനങ്ങൾ തുടങ്ങിയവയുടെ ഫീസിൽ ഗണ്യമായ കുറവ് വരും. പ്രധാന ആക്ടിവിറ്റിയുള്ള പുതിയ കൊമേഴ്സ്യൽ രജിസ്ട്രേഷൻ ഫീസ്, കൊമേഴ്സ്യൽ രജിസ്ട്രേഷൻ പുതുക്കൽ ഫീസ് എന്നിവക്ക് 500 റിയാൽ മാത്രമാണ്. നിലവിൽ 10,000 റിയാലായിരുന്നു നിരക്ക്.
കൊമേഴ്സ്യൽ രജിസ്റ്ററിൽ പുതിയ ബ്രാഞ്ച് കൂട്ടിച്ചേർക്കാനും ബ്രാഞ്ച് രജിസ്ട്രേഷൻ പുതുക്കാനും 100 റിയാൽ ആകും ഫീസ്. ഒരു കൊമേഴ്സ്യൽ രജിസ്റ്റരിൽ പുതിയ ഓരോ ആക്ടിവിറ്റി ചേർക്കാനും രജിസ്ട്രേഷൻ ഡാറ്റയിൽ മാറ്റം വരുത്താനും 300 റിയാൽ നൽകിയാൽ മതിയാകും. കൊമേഴ്സ്യൽ പെർമിറ്റ് ഫീസിലും ഗണ്യമായ കുറവുണ്ട്. ശാഖയുടെ ലൈസൻസിങ്ങിനും പുതുക്കാനും 500 റിയാലാണ് പുതുക്കിയ നിരക്ക്. വാണിജ്യ ഇടപാടിന്റെ മൂല്യം അനുസരിച്ച് 10,000 റിയാൽ വരെ നൽകേണ്ടിയിരുന്ന സ്ഥാനത്താണിത്. ഹോം ബിസിനസ് പ്രവർത്തനങ്ങളുടെ ലൈസൻസ് പുതുക്കാനും 300 റിയാലാണ് നിരക്ക്.