മെഗാ സോളാർ പദ്ധതിയുമായി ഖത്തർ
|ലോകത്തെ തന്നെ ഏറ്റവും വലിയ സോളാർ പദ്ധതികളിലൊന്നായ ദുഖാനിൽ നിന്നും പ്രതിവർഷം 2000 മെഗാവാട്ട്‌സ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുക
ദോഹ: മെഗാ സോളാർ പദ്ധതി പ്രഖ്യാപിച്ച് ഖത്തർ. ലോകത്തെ തന്നെ ഏറ്റവും വലിയ സോളാർ പദ്ധതികളിലൊന്നായ ദുഖാനിൽ നിന്നും പ്രതിവർഷം 2000 മെഗാവാട്ട്‌സ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുക. കാർബൺ മലിനീകരണമില്ലാത്ത സുസ്ഥിര ഊർജ സ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന നയത്തിന്റെ ഭാഗമായാണ് ഖത്തർ എനർജി പുതിയ സോളാർ പദ്ധതി പ്രഖ്യാപിച്ചത്.
2000 മെഗാവാട്ടാണ് ദുഖാനിലെ പദ്ധതിയുടെ ശേഷി. ഇവിടെ നിന്നും ഉൽപ്പാദനം തുടങ്ങുന്നതോടെ സോളാർ പ്ലാന്റുകളിൽ നിന്നും ഖത്തറിന്റെ വൈദ്യുതി ഉൽപ്പാദനം 2030 ഓടെ 4000 മെഗാവാട്ടായി ഉയരും. ഖത്തർ എനർജിക്ക് കീഴിലുള്ള നാലാമത്തെ വമ്പൻ സോളാർ പദ്ധതിയാണിത്. 2022 ൽ 800 മെഗാവാട്ട്‌സ് ശേഷിയുള്ള അൽ കർസാ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു.
റാസ് ലഫാനിലും മിസഈദ് ഇൻഡസ്ട്രിയൽ സിറ്റിയിലുമുള്ള രണ്ട് വൻ പദ്ധതികളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഈ വർഷം അവസാനത്തോടെ ഈ രണ്ട് പദ്ധതികളിൽ നിന്നും വൈദ്യുതി ഉൽപ്പാദനം തുടങ്ങുമെന്ന് ഖത്തർ ഊർജ സഹമന്ത്രി സഅദ് ഷെരീദ അൽ കഅബി പറഞ്ഞു.ദുഖാൻ പദ്ധതി പൂർത്തിയാകുന്നതോടെ ഖത്തറിലെ ആകെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 30 ശതമാനവും സോളാർ പദ്ധതികളിൽ നിന്നായി മാറും