ലോകകപ്പിന് പന്തുരുളാൻ ഇനി ഒരു മാസം; ടീമുകൾ നവംബർ ഏഴ് മുതൽ എത്തിത്തുടങ്ങും
|നവംബർ 20ന് കിക്കോഫ് മുഴങ്ങിയാൽ പിന്നെ ഡിസംബർ 18 വരെ ഖത്തറിൽ സമ്മിശ്ര വികാരങ്ങളാണ്. ജയിച്ചവന്റെ ആഹ്ലാദങ്ങളും തോറ്റവന്റെ നിലവിളികളും വീണുപോയവന്റെ നെടുവീർപ്പുകളുമെല്ലാം ഈ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കും.
ദോഹ: ഖത്തർ ലോകകപ്പിൽ പന്തുരുളാൻ ഇനി ഒരുമാസം മാത്രം. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി അതിഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. നവംബർ ഏഴ് മുതൽ ടീമുകൾ എത്തിത്തുടങ്ങും.
12 വർഷം മുമ്പ് മുതൽ എണ്ണിത്തുടങ്ങിയതാണ്. ഇനിയാ കാത്തിരിപ്പിന് ഒരുമാസം മാത്രമാണ് അകലം. കൃത്യം 30-ാം നാൾ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ലോകം ഖത്തറിലേക്ക് ചുരുങ്ങും. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി സൽക്കാരത്തിനെത്തുന്ന അതിഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് വീട്ടുകാർ. സമൃദ്ധമാണ് വിഭവങ്ങൾ, മനോഹരമായ എട്ട് വേദികൾക്ക് പുറത്ത് ആഘോഷങ്ങൾക്കായി എട്ട് കേന്ദ്രങ്ങൾ. കാർണിവൽ വേദിയായി ദോഹോ കോർണിഷ്. അൽബിദ പാർക്കിലെ ഫാൻ ഫെസ്റ്റിവലിൽ പ്രതീക്ഷിക്കുന്നത് ദിനംപ്രതി 40,000 പേരെ. 10 നാൾ കൂടി കഴിഞ്ഞാൽ ലോകത്തിന്റെ മുക്കിലും മൂലയിലും നിന്നുള്ള ആരാധകരുടെ ഒഴുക്കുതുടങ്ങും. നവംബർ ഏഴ് മുതൽ ടീമുകൾ എത്തിത്തുടങ്ങും. ആദ്യമെത്തുക ജപ്പാനാണ്. വൈകാതെ തന്നെ ആരാധകരുടെ ഇഷ്ട ടീമുകൾ ബേസ്‌ക്യാമ്പുകളിലേക്ക് എത്തും. നവംബർ 20ന് കിക്കോഫ് മുഴങ്ങിയാൽ പിന്നെ ഡിസംബർ 18 വരെ ഖത്തറിൽ സമ്മിശ്ര വികാരങ്ങളാണ്. ജയിച്ചവന്റെ ആഹ്ലാദങ്ങളും തോറ്റവന്റെ നിലവിളികളും വീണുപോയവന്റെ നെടുവീർപ്പുകളുമെല്ലാം ഈ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കും.