സമാധാന ദൗത്യവുമായി ഖത്തര്‍ വിദേശകാര്യമന്ത്രി റഷ്യയുമായി കൂടിക്കാഴ്ച നടത്തി
|യുക്രൈനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ദൗത്യവുമായി ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി റഷ്യയിലെത്തി. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി അദ്ദേഹം ചര്‍ച്ച നടത്തി.
യുക്രൈനില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെയാണ് ഖത്തര്‍ വിദേശകാര്യമന്ത്രി സമാധാന ദൂതുമായി മോസ്കോയിലെത്തിയിരിക്കുന്നത്. കൂടിക്കാഴ്ചയില്‍ യുക്രൈന് പൗരന്മാരുടെ മാനുഷിക അവകാശങ്ങള്‍ക്കാണ് ഖത്തര്‍ പ്രഥമപരിഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്ര ചര്‍ച്ചയിലൂടെ സമാധാനപരമായി പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഉഭയകക്ഷി ബന്ധങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഏറ്റവും ഉചിതമായ സമയത്താണ് അദ്ദേഹത്തിന്റെ വരവെന്ന് സെര്‍ജി ലാവ്റോവ് പ്രതികരിച്ചു. തുര്‍ക്കിയിലെ അന്റാലിയയിലെ ഡിപ്ലോമസി ഫോറത്തില്‍ നിന്നാണ് അദ്ദേഹം റഷ്യയിലെത്തിയത്.