പാരീസ് ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കുന്നതിനുള്ള ഖത്തരി സംഘം അന്തിമ ഘട്ട തയ്യാറെടുപ്പിൽ
|ജുലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്‌സ് നടക്കുന്നത്
ദോഹ: പാരീസ് ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കുന്നതിനുള്ള ഖത്തരി സംഘം അന്തിമ ഘട്ട തയ്യാറെടുപ്പിൽ. ഫീൽഡ് പരിശീലനം ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകളാണ് സംഘം നടത്തുന്നത്. ഈ മാസം 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്‌സ് നടക്കുന്നത്.
കായിക താരങ്ങൾക്കും ആരാധകർക്കും പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി ആതിഥേയരായ ഫ്രാൻസ് ഖത്തറിന്റെ സഹായവും തേടിയിരുന്നു. ലോകകപ്പ് കാലത്തെ കുറ്റമറ്റ സുരക്ഷാ സന്നാഹമാണ് ഖത്തറിന്റെ സഹായം തേടാൻ ഫ്രാൻസിനെ പ്രേരിപ്പിച്ചത്.
ഫ്രാൻസിലേക്ക് തിരിക്കാനിരിക്കുന്ന സംഘം തീവ്ര തയ്യാറെടുപ്പിലാണ്. ഫീൽഡിൽ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി കഴിഞ്ഞ മാസം ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളിലെയും ഓപറേഷൻ റൂമുകൾ തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്.