ഖത്തറിലെ അജിയാൽ ഫിലിം ഫെസ്റ്റിവൽ തിരിച്ചെത്തുന്നു
|ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യമർപ്പിച്ച് കഴിഞ്ഞ വർഷത്തെ അജിയാൽ ഫിലിം ഫെസ്റ്റിവൽ ഖത്തർ റദ്ദാക്കിയിരുന്നു
ദോഹ: ഖത്തറിലെ പ്രധാന വാർഷിക ചലച്ചിത്ര മേളയായ അജിയാൽ ഫിലിം ഫെസ്റ്റിവൽ തിരിച്ചെത്തുന്നു. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയുടെ 12ാമത് പതിപ്പ് ഈ വർഷം നവംബറിൽ നടക്കും. ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യമർപ്പിച്ച് കഴിഞ്ഞ വർഷത്തെ അജിയാൽ ഫിലിം ഫെസ്റ്റിവൽ ഖത്തർ റദ്ദാക്കിയിരുന്നു. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് അജിയാൽ ഫിലിം ഫെസ്റ്റിവൽ വീണ്ടുമെത്തുന്നത്. ഈ വർഷം നവംബർ 16 മുതൽ 23 വരെയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. അജിയാൽ ചലച്ചിത്രമേളയിൽ മത്സരവിഭാഗങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ചലച്ചിത്ര പ്രവർത്തകർക്ക് മെയ് 12 മുതൽ എൻട്രികൾ അയച്ചുതുടങ്ങാം. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർക്ക് സെപ്തംബർ 1 വരെ മത്സരത്തിനായി എൻട്രികൾ സമർപ്പിക്കാം. രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം.
'മെയ്ഡ് ഇൻ ഖത്തർ' വിഭാഗത്തിൽ സെപ്തംബർ 15 വരെ എൻട്രികൾ അയക്കാം. മെയ്ഡ് ഇൻ ഖത്തർ' വിഭാഗത്തിൽ ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും മത്സരിക്കാം. ഖത്തറടക്കമുള്ള മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ള ഫീച്ചർ ഫിലിമുകൾ, ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ എന്നിവയുൾപ്പെടെ മേളയിൽ പ്രദർശിപ്പിക്കും. ചലച്ചിത്ര മേളയിലേക്ക് സമർപ്പിക്കുന്ന സിനിമകൾ ഈ വർഷത്തെ ഫെസ്റ്റിവലിന് മുമ്പ് ഖത്തറിൽ റിലീസ് ചെയ്തതോ പരസ്യമായി പ്രദർശിപ്പിക്കുകയോ സംപ്രേക്ഷണം ചെയ്തവയോ ആകരുത്.