ഖത്തർ അന്താരാഷ്ട്ര കാര്‍ഷിക-പരിസ്ഥിതി എക്‌സിബിഷന് തുടക്കമായി
|മാര്‍ച്ച് 14 വരെയാണ് പ്രദര്‍ശനം
കോവിഡാനന്തര കാലത്തെ ഖത്തറിലെ ഏറ്റവും വലിയ പ്രദര്‍ശനമായ അന്താരാഷ്ട്ര കാര്‍ഷിക-പരിസ്ഥിതി എക്‌സിബിഷന് തുടക്കമായി.
ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ 9 മണിക്കാണ് ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ ആന്റ് എന്‍വയോണ്‍മെന്റല്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തത്.
കൃഷി, പരിസ്ഥിതി, ഭക്ഷണം, മൃഗ ഉല്‍പാദന മേഖലകളില്‍ നിന്നുള്ള 650 ലധികം പ്രാദേശികവും ആഗോളവുമായ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കാളികളാവുന്നുണ്ട്. 80 ഓളം പ്രാദേശിക ഫാമുകളും തേനും ഈത്തപ്പഴവും ഉത്പാദിപ്പിക്കുന്ന 50 പ്രാദേശിക സംരംഭകരും കാര്‍ഷിക മേഖലയില്‍ നിന്ന് 60 പേരും പരിസ്ഥിതി മേഖലയില്‍ നിന്ന് 25 പേരും പരിപാടിയില്‍ പങ്കെടുക്കും.
50 രാജ്യങ്ങള്‍ തങ്ങളുടെ, വിവിധതരം ഫ്രഷ് പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, മറ്റ് കയറ്റുമതി വിഭവങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ ലഭിക്കാനും സൗകര്യമുണ്ട്. ഇന്ത്യ, സൗദി അറേബ്യ, ഒമാന്‍, ഇറാഖ്, ജോര്‍ദാന്‍, പലസ്തീന്‍, സുഡാന്‍, തുര്‍ക്കി, ഇറാന്‍, അസര്‍ബൈജാന്‍, അര്‍മേനിയ, ഓസ്ട്രേലിയ, അല്‍ബേനിയ, ഇറ്റലി, പാകിസ്ഥാന്‍, പോളണ്ട്, ടാന്‍സാനിയ, സൈപ്രസ്, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, കെനിയ, നെതര്‍ലന്‍ഡ്സ് എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്. മാര്‍ച്ച് 14 വരെയാണ് പ്രദര്‍ശനം നടക്കുക.