സമാധാന ശ്രമം: ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി റഷ്യയിലേക്ക്
|യുക്രൈനില്‍ സമാധാന ശ്രമവുമായി ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി റഷ്യയിലേക്ക്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി ചര്‍ച്ച നടത്തും. ലോകശക്തികളുമായുള്ള ഇറാന്‍റെ ആണവകരാറും ചര്‍ച്ചയാകും. അന്‍റാല ഡിപ്ലോമസി ഫോറത്തിനെത്തിയ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി തുര്‍ക്കിയില്‍ നിന്നാണ് മോസ്കോയിലേക്ക് തിരിക്കുന്നത്. യുക്രൈനിലെ പ്രശ്ന പരിഹാരത്തിന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി അദ്ദേഹം ചര്‍ച്ച നടത്തും.
നയതന്ത്ര ചര്‍ച്ചകളിലൂടെ സമാധാനപരമായാണ് പ്രതിസന്ധി പരിഹരിക്കേണ്ടതെന്ന് ഖത്തര്‍ തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നു. ഇറാനും ലോകശക്തികളും തമ്മിലുള്ള ആണവ കരാര്‍ പുനസ്ഥാപിക്കുന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥതവഹിക്കുന്നത് ഖത്തറാണ്. വിയന്നയില്‍ ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ കഴിഞ്ഞ വെള്ളിയാഴ്ച നിര്‍ത്തിവെച്ചിരുന്നു. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഇറാനുമായുള്ള തങ്ങളുടെ വ്യാപാരത്തെ ബാധിക്കരുത് എന്ന റഷ്യയുടെ ആവശ്യമാണ് ചര്‍ച്ചകള്‍ വഴിമുട്ടിച്ചത്. ഇതോടെയാണ് വിഷയത്തില്‍ അടിയന്തര ഇടപെടലുമായി ശൈഖ് അബ്ദുറഹ്മാന്‍ അല്‍ത്താനി മോസ്കോയിലേക്ക് തിരിക്കുന്നത്. കഴിഞ്ഞ ദിവസം അന്‍റാലയില്‍ വിവിധ ലോക നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.
Qatari foreign minister to visit Moscow on Sunday