ലോകകപ്പ് ഫുട്ബോൾ: സുരക്ഷയൊരുക്കിയവർക്ക് ഖത്തറിന്റെ ആദരം
|ടൂർണമെന്റിന്റെ സുരക്ഷയുടെ ഡോക്യുമെന്ററിയും പ്രധാനമന്ത്രി വീക്ഷിച്ചു.
ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ സുരക്ഷാ ദൗത്യങ്ങളിൽ സഹകരിച്ച സൗഹൃദ രാഷ്ട്രങ്ങൾക്ക് ഖത്തറിന്റെ ആദരം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സേനാ വിഭാഗങ്ങളുടെ പങ്കാളിത്തത്തെയും സേവനങ്ങളെയും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി പ്രശംസിച്ചു.
നവംബർ- ഡിസംബർ മാസങ്ങളിൽ ഖത്തർ വേദിയൊരുക്കിയ ഫിഫ ലോകകപ്പിൽ പഴുതടച്ച സുരക്ഷയൊരുക്കിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അല്‍താനിയുടെ നേതൃത്വത്തിൽ ആദരവ് നൽകിയത്.
മുൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ലോകകപ്പ് സെക്യൂരിറ്റി ഓപറേഷൻസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അല്‍താനി, നിലവിലെ ആഭ്യന്തര മന്ത്രിയും ലോകകപ്പ് സെക്യൂരിറ്റി ഓപറേഷൻസ് കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് അല്‍താനി എന്നിവരുടെ ദൗത്യങ്ങൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ടൂർണമെന്റിന്റെ സുരക്ഷയുടെ ഡോക്യുമെന്ററിയും പ്രധാനമന്ത്രി വീക്ഷിച്ചു. ലോകകപ്പിന് മാസങ്ങൾക്കു മുമ്പു തന്നെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെയും ലോകകപ്പ് സെക്യൂരിറ്റി ഓപറേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സുരക്ഷ തയാറെടുപ്പുകൾ നടത്തിയിരുന്നു.
13ഓളം സൗഹൃദ രാജ്യങ്ങളുടെ സേനാ വിഭാഗങ്ങളുടെ സഹകരണവും പങ്കാളിത്തവും ഖത്തറിന്റെ ലോകകപ്പ് സുരക്ഷയിൽ നിർണായക പങ്കുവഹിച്ചു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഖത്തറിന്റെ സുരക്ഷാ സന്നാഹവും മികവും പ്രശംസിക്കപ്പെട്ടിരുന്നു.