ലോകകപ്പിൽ ഖത്തറിന്റേത് മോശം പ്രകടനം; പരിശീലകൻ ഫെലിക്‌സ് സാഞ്ചസ് പുറത്തേക്ക്
|കരാർ പുതുക്കേണ്ടതില്ലെന്ന് ഖത്തർ ഫുട്‌ബോൾ അസോസിയേഷനും സാഞ്ചസും തീരുമാനിക്കുകയായിരുന്നു
ദോഹ: ഖത്തർ ഫുട്‌ബോൾ ടീം പരിശീലകനായി ഫെലിക്‌സ് സാഞ്ചസ് തുടരില്ല. കരാർ പുതുക്കേണ്ടതില്ലെന്ന് ഖത്തർ ഫുട്‌ബോൾ അസോസിയേഷനും സാഞ്ചസും തീരുമാനിക്കുകയായിരുന്നു. ലോകകപ്പിൽ സാഞ്ചസിന് കീഴിൽ ഖത്തറിന് മികച്ച പ്രകടനം നടത്താനായിരുന്നില്ല.
ഏഷ്യയിലെ എണ്ണം പറഞ്ഞ ഫുട്‌ബോൾ ടീമുകളിലൊന്നായി ഖത്തറിനെ വാർത്തെടുത്ത പരിശീലകനാണ് ഫെലിക്‌സ് സാഞ്ചസ്. സ്‌പെയിനിൽ നിന്നും 2006 ൽ ഖത്തറിലെത്തിയ അദ്ദേഹം ആസ്പയർ അക്കാദമിയിലൂടെയാണ് ഖത്തർ ഫുട്‌ബോളുമായുള്ള ബന്ധം തുടങ്ങുന്നത്. ഹസൻ ഹൈദോസും അൽ മുയീസ്അലിയും അടക്കമുള്ള ഖത്തറിന്റെ ഇന്നത്തെ സൂപ്പർ താരങ്ങളെ തേച്ചുമിനുക്കിയെടുത്തത് അദ്ദേഹമാണ്.
2013 വരെ ആസ്പയറിൽ തുടർന്ന അദ്ദേഹം 2013 മുതൽ 17 വരെ ഖത്തർ അണ്ടർ 19ടീമിന്റെ പരിശീലകനായിരുന്നു. 2017ലാണ് ഖത്തർ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. 2019 ൽ ഖത്തറിന് ഏഷ്യാകപ്പ് കിരീടം സമ്മാനിക്കാനും സാഞ്ചസിനായി. യൂത്ത് ടീമിനൊപ്പം അണ്ടർ 19 ഏഷ്യൻ ചാമ്പ്യൻഷിപ്പും നേടിയിരുന്നു. ലോകകപ്പ് ഫുട്‌ബോളിനായി യൂറോപ്പിലടക്കം മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും ടൂർണമെന്റിൽ ടീമിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിരുന്നില്ല. ബാഴ്‌സലോണ യൂത്ത് ടീമിനെ പരിശീലിപ്പിച്ച് കൊണ്ടാണ് ഫെലിക്‌സ് സാഞ്ചസ് പരിശീലകന്റെ റോൾ തുടങ്ങുന്നത്.