'ഇലക്ട്രിക് വാഹനങ്ങൾ': ഖത്തറിന്റെ ഗതാഗത മേഖല സമഗ്രമാറ്റത്തിനൊരുങ്ങുന്നു
|2030 ഓടെ രാജ്യത്തെ മൊത്തം വാഹനങ്ങളില്‍ 35 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ ആക്കാനാണ് പദ്ധതി.
ദോഹ: ഖത്തറിന്റെ ഗതാഗത മേഖല സമഗ്രമാറ്റത്തിനൊരുങ്ങുന്നു. 2030 ഓടെ രാജ്യത്തെ മൊത്തം വാഹനങ്ങളില്‍ 35 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ ആക്കാനാണ് പദ്ധതി. പൊതുഗതാഗത ബസുകള്‍ മുഴുവന്‍ ഇലക്ട്രിക് ബസുകളാക്കും.
ഭൗമ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയിലാണ് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഫാലിഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി അല്‍താനി ഗതാഗത രംഗത്തെ മാറ്റങ്ങളെ കുറിച്ചുള്ള ലക്ഷ്യങ്ങള്‍ പങ്കുവെച്ചത്. പൊതുഗതാഗതത്തിനുള്ള ബസുകൾ പൂർണമായും, മൊത്തം വാഹനങ്ങൾ 35 ശതമാനമാനവും വൈദ്യുതി വൽക്കരിക്കും.
രാജ്യത്തെ സുസ്ഥിര വികസനം ഉറപ്പാക്കുക എന്ന ഖത്തര്‍ ദേശീയ വിഷന്‍ 2030 യുടെ ഭാഗം കൂടിയാണ് നീക്കം. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഊർജ മാർഗങ്ങൾ ഒഴിവാക്കി, സൗരോർജം ഉൾപ്പെടെ മറ്റു പുനരുപയോഗ ഊർജ വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തും. നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക' എന്ന പ്രമേയത്തിലാണ് ഇത്തവണ അന്താരാഷ്ട്ര ഭൗമ ദിനം ആചരിച്ചത്.
ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ് ഖത്തര്‍ നേരത്തെ തന്നെ നടത്തിയിട്ടുണ്ട്. ലോകകപ്പിന് മുന്നോടിയായി തയ്യാറാക്കിയ ലുസൈൽ ബസ് ഡിപ്പോ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോക്കുള്ള ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കിയിരുന്നു.