ഖത്തറിലെ പരമ്പരാഗത പായക്കപ്പല്‍ മേളയ്ക്ക് നാളെ സമാപനം
|ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ വാണിജ്യബന്ധത്തിന്‍റെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ് മേളയെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ മീഡിയവണിനോട് പറഞ്ഞു
ഖത്തറില്‍ നടന്നുവരുന്ന പരമ്പരാഗത പായക്കപ്പല്‍ മേളയ്ക്ക് നാളെ സമാപനമാകും. ഇന്ത്യയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ വാണിജ്യബന്ധത്തിന്‍റെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ് മേളയെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ മീഡിയവണിനോട് പറഞ്ഞു
എണ്ണയും പ്രകൃതിവാതകവുമൊക്കെ കണ്ടുപിടിച്ച് സമ്പന്നരാകുന്നതിന് മുമ്പ് മത്സ്യബന്ധനവും മുത്ത് വാരലും കടല്‍വഴിയുള്ള വ്യാപാരവുമൊക്കെയായി ഉപജീവനം നടത്തിയിരുന്ന പഴയ തലമുറയെ ഓര്‍ത്തെടുക്കലാണ് എല്ലാ വര്‍ഷവും കതാറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കുന്ന ഈ പായക്കപ്പല്‍ മേള.
പഴയ കാലത്ത് ഉപയോഗിച്ചിരുന്ന പലതരം ബോട്ടുകള്‍, തോണികള്‍, കൊതുമ്പു വള്ളങ്ങള്‍ എന്നിവയുടെ പ്രദര്‍ശനമാണ് പ്രധാന ചടങ്ങ്. കടല്‍ വഴി വ്യാപാരം ചെയ്തിരുന്ന വിവിധ വസ്തുക്കള്‍, കടല്‍ ചരക്കുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്ന കടകള്‍ തുടങ്ങിയവയല്ലാം പഴമയുടെ പ്രൌഡിയോടെ തന്നെ പുനരാവിഷ്കരിച്ചിരിക്കുന്നു. ഒപ്പം പായക്കപ്പലുകളുടെയും കെട്ടുവഞ്ചികളുടെയുമൊക്കെ നിര്‍മ്മാണ പ്രദര്‍നവുമുണ്ട്
-കുവൈത്ത് ഒമാന്‍ സൌദി ഇറാഖ് ഇറാന്‍ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളും യൂറോപ്പില്‍ നിന്ന് തുര്‍ക്കിയും ഗ്രീസും ആതിഥേയരായ ഖത്തറും ഒപ്പം ഇന്ത്യയും മേളയില്‍ പങ്കെടുക്കുന്നു. ഇന്ത്യയും അറബ് രാജ്യങ്ങളുമായുള്ള ചരിത്രപരമായ സൌഹൃദബന്ധത്തിന്‍റെ ഏറ്റവും വലിയ ഓര്‍മ്മപ്പെടുത്തലാണ് മേളയെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല‍് പറഞ്ഞു
ഇന്ത്യന്‍ പ്രാതിനിധ്യമായി മേളയില്‍ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത് കോഴിക്കോട് ബേപ്പൂരില്‍ നിന്നുള്ള ഹാജി പിഐ അഹമ്മദ് കോയ കമ്പനിയാണ്.കഴിഞ്ഞ പത്ത് മേളകളിലും സ്റ്റാളൊരുക്കിയ കമ്പനി 1885 മുതല്‍ ഉരു പായക്കപ്പല്‍ നിര്‍മ്മാണ രംഗത്തെ പ്രധാനികളാണ്.
പഴമക്കാര്ക്കിടയില്‍ നിലനിന്നിരുന്ന തോണി തുഴയല്‍ ഉള്‍പ്പെടെയുള്ള വിവിധ മത്സരങ്ങളും ഇവിടെ സന്ദര്‍ശകര്‍ക്കായി പുനരാവിഷ്കരിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ചിത്രകാരന്മാര്‍ ഉള്‍പ്പെടെ അണിനിരക്കുന്ന തത്സമയ ചിത്രകലാപ്രദര്‍ശനവുമുണ്ട്.ഫിഫ അറബ് കപ്പിനായെത്തുന്ന കാണികളെ കൂടി പ്രതീക്ഷിച്ചാണ് ടൂര്‍ണമെന്‍റ് നടക്കുന്ന വേളയില്‍ തന്നെ ഇക്കുറി പായക്കല്‍ മേള ഒരുക്കിയത്.