ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരുടെയും ക്വാറന്റൈൻ ഒഴിവാക്കി
|മാളുകൾ ഉൾപ്പെടെ അടച്ചിട്ട കേന്ദ്രങ്ങളിൽ ഇന്നുമുതൽ മാസ്‌ക് ധരിക്കേണ്ടതില്ല
യാത്രാ നയത്തിൽ പുതിയ മാറ്റങ്ങളുമായി ഖത്തർ. ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരുടെയും ക്വാറന്റൈൻ ഒഴിവാക്കി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. സെപ്റ്റംബർ 4 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.
ഖത്തറിലേക്ക് വരുന്ന സ്വദേശികളും താമസക്കാരും പതിവുപോലെ അംഗീകൃത ലാബിൽ നിന്നോ പി.എ.ച്ച്.സി.സിയിൽ നിന്നോ 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ പരിശോധന നടത്തണം. സന്ദർശകർ ഖത്തറിലേക്ക് വരാൻ 48 മണിക്കൂർ മുമ്പുളള കോവിഡ് പി.സി.ആർ പരിശോധനാ ഫലം അല്ലെങ്കിൽ 24 മണിക്കൂർ മുമ്പുളള റാപ്പിഡ് ആന്റിജൻ പരിശോധനാ ഫലം ഹാജരാക്കണം.
കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് ഇളവുകൾ. കോവിഡ് വ്യാപന തോത് അനുസരിച്ച് രാജ്യങ്ങളെ തരംതിരിക്കുന്ന രീതിയും ഇതോടെ ഖത്തർ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം മാസ്‌ക് ധരിക്കുന്നതിലും ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. മാളുകൾ ഉൾപ്പെടെ അടച്ചിട്ട കേന്ദ്രങ്ങളിൽ ഇന്നുമുതൽ മാസ്‌ക് ധരിക്കേണ്ടതില്ല.