ഖത്തറിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന
|നിലവിലെ കണക്കുപ്രകാരം 8.35 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്
ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധനയുണ്ടായതായി കേന്ദ്രസർക്കാർ. പാർലമെന്റിൽ സർക്കാർ നൽകിയ കണക്കുപ്രകാരം ഖത്തറിലെ ഇന്ത്യക്കാരുടെ എണ്ണം 8.35 ലക്ഷമാണ്. ജി.സി.സി രാജ്യങ്ങളിൽ ആകെ 92.5 ലക്ഷം ഇന്ത്യക്കാരാണുള്ളത്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധസിങാണ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പാർലമെന്റിൽ അറിയിച്ചത്.
നിലവിലെ കണക്കുപ്രകാരം 8.35 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. 2022-23 വർഷത്തെ കണക്കുകൾ പ്രകാരം ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 7.45 ലക്ഷമായിരുന്നു. ജി.സി.സി രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണം 92,58,302 കടന്നു. യു.എ.യിലാണ് ഏറ്റവും കൂടുതൽ പ്രവാസികളുള്ളത്. 35.54 ലക്ഷം, രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും ( മൂന്നാം സ്ഥാനത്ത് കുവൈത്തുമാണ്.
സൗദിയിൽ 26.45 ലക്ഷവും കുവൈത്തിൽ 10 ലക്ഷം ഇന്ത്യക്കാരുമാണുള്ളത്. ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കുറച്ച് ഇന്ത്യക്കാർ കഴിയുന്നത് ബഹ്‌റൈനിലാണ്, മൂന്നരലക്ഷം പേരാണ് ഇവിടെയുള്ളത്. ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം സ്വദേശികളും വിദേശികളും ഉൾപ്പെടെ 28.57 ലക്ഷമാണ് ഖത്തറിലെ ജനസംഖ്യ. അതായത് ഖത്തറിലെ ആകെ ജനസംഖ്യയുടെ 29 ശതമാനം ഇന്ത്യക്കാരാണ്. ഖത്തർ, ബഹ്‌റൈൻ, യു.എ.ഇ, സൗദി എന്നിവടങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ വർധിച്ചപ്പോൾ, കുവൈത്തിലും ഒമാനിലും കുറഞ്ഞു.