ദോഹ മാരത്തൺ രജിസ്‌ട്രേഷൻ ആരംഭിച്ചു
|ഷെറാട്ടൻ ഹോട്ടലിന്റെ പാർക്കിൽ നിന്നാരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന രീതിയിലാണ് മാരത്തോൺ നടക്കുക
ദോഹ: 14ാമത് ദോഹ മാരത്തണിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. അടുത്ത വർഷം ജനുവരി 17നാണ് മാരത്തൺ നടക്കുന്നത്. ഇത്തവണ പതിനയ്യായിരത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേൾഡ് അത്ലറ്റിക്സ് ഗോൾഡ് ലേബൽ റോഡ് റേസ് എന്ന നിലയിൽ ഏറ്റവും കൂടുതൽ അത്ലറ്റുകൾ പങ്കെടുക്കുന്ന മാരത്തോൺ ആയിരിക്കും ദോഹയിലേതെന്ന് സംഘാടകർ വ്യക്തമാക്കി. കുടുംബങ്ങൾക്കും അത്ലറ്റുകൾക്കും ഒരുപോലെ ആവേശകരമായ പരിപാടികളും മാരത്തോണിനോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. 85 റിയാൽ മുതലാണ് രജിസ്ട്രേഷൻ ഫീസ്. നാലോ അതിലധികമോ ആളുകളുള്ള സംഘത്തിന് 25 ശതമാനം ഇളവ് ലഭിക്കും. ഈ ഓഫർ ആദ്യമെത്തുന്നവർക്ക് മാത്രമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
ഷെറാട്ടൻ ഹോട്ടലിന്റെ പാർക്കിൽ നിന്നാരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന രീതിയിലാണ് മാരത്തോൺ നടക്കുക. ഫുൾ മാരത്തോൺ 42 കിലോമീറ്റർ, ഹാഫ് മാരത്തോൺ 21 കിലോമീറ്റർ, 10 കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, 13 മുതൽ 17 വയസ്സ് വരെയുള്ളവർക്കായി അഞ്ച് കിലോമീറ്റർ ഓട്ടവും 13 വയസ്സിന് താഴെയുള്ളവർക്കായി ഒരു കിലോമീറ്റർ ഓട്ടവും ഉൾപ്പെടെ രണ്ട് യൂത്ത് റേസ് എന്നിവയാണ് മാരത്തോണിലെ മത്സര ഇനങ്ങൾ.മാരത്തോണിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം പ്രാദേശിക ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുമെന്ന് സംഘാടകർ അറിയിച്ചു.