ഹമദ് വിമാനത്താവളത്തില്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി
|ഹ്രസ്വകാല പാര്‍ക്കിങ് ആദ്യ 30 മിനുട്ട് സൗജന്യമായിരിക്കും
ദോഹ: ലോകകപ്പ് ഫുട്ബോള്‍ കാലത്ത് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ബ് സൈഡ് ആക്സസ് നിയന്ത്രണങ്ങള്‍ നീക്കി. ലോകകപ്പ് ഫുട്ബോള്‍ കാലത്ത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് തിരക്ക് ഒഴിവാക്കാനുമാണ് ആഗമന, പുറപ്പെടല്‍ കര്‍ബ് സൈഡുകളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം കൊണ്ടുവന്നത്. നവംബര്‍ ഒന്നുമുതല്‍ ടാക്സികള്‍, ബിസിനസ് ക്ലാസ് യാത്രക്കാര്‍ തുടങ്ങി ചുരുക്കം വാഹനങ്ങള്‍ മാത്രമാണ് ഈ മേഖലയില്‍ അനുവദിച്ചിരുന്നത്.
ഹ്രസ്വകാല പാര്‍ക്കിങ് നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യ 30 മിനുട്ട് സൗജന്യമായിരിക്കും. പിന്നീടുള്ള ആദ്യ രണ്ട് മണിക്കൂറില്‍ ഓരോ 30 മിനുട്ടിലും 15 റിയാലാണ് പാര്‍ക്ക് ഫീസ്. മൂന്നാം മണിക്കൂറില്‍ ഓരോ 30 മിനുട്ടിനും 25 റിയാലായും നാലാം മണിക്കൂറില്‍ 35 റിയാലായും നിരക്ക് കൂടും. ലോകകപ്പ് സമയത്തെ ക്രമീകരണത്തിന്‍റെ ഭാഗമായി ദോഹ വിമാനത്താവളം കേന്ദ്രീകരിച്ച് സര്‍വീസ് നടത്തിയിരുന്ന 13 വിമാനക്കമ്പനികള്‍ ഡിസംബര്‍ 31 മുതല്‍ ഹമദ് വിമാനത്താവളത്തില്‍ നിന്ന് തന്നെ സര്‍വീസ് നടത്തും.