ചൂട് കൂടി; ഖത്തറിൽ തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം
|രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് മൂന്നര വരെയാണ് നിയന്ത്രണം
ഖത്തറില്‍ ചൂട് കൂടിയതോടെ തുറന്ന ഇടങ്ങളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം. നാളെ മുതല്‍ സെപ്തംബര്‍ 15 വരെ രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് മൂന്നര വരെയാണ് നിയന്ത്രണം.
തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാനാണ് മൂന്നര മാസം നീണ്ടുനില്‍ക്കുന്ന ഉച്ച വിശ്രമം പ്രഖ്യാപിച്ചത്. നാളെ മുതല്‍ വിശ്രമം പ്രാബല്യത്തില്‍ വരും. രാജ്യവും മേഖലയും കടുത്ത ചൂടിലേക്ക് നീങ്ങുകയാണ്. പകല്‍ സമയത്തെ ജോലി സൂര്യാതപം അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ഇടവരുത്തും.എല്ലാ വർഷങ്ങിലും വേനൽ കാലത്ത് തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പാക്കുകയും, എല്ലാ നിർമാണ മേഖലകളിലും നടപ്പാക്കുന്നുവെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്യാറുണ്ട്.
ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കമ്പനികള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ എല്ലാ തൊഴിലിടങ്ങളിലും പ്രത്യേകിച്ചും നിര്‍മാണ മേഖലകളില്‍ മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനയും തുടങ്ങും. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കാറുണ്ട്.