പ്രവാസി വെൽഫെയർ ഖത്തർ സംഘടിപ്പിക്കുന്ന സർവീസ് കാർണിവൽ ഈ മാസം 29ന്
|പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രവാസി വെൽഫെയർ സർവീസ് കാർണിവൽ ഒരുക്കുന്നത്
ദോഹ: പ്രവാസി വെൽഫെയർ ഖത്തർ സംഘടിപ്പിക്കുന്ന സർവീസ് കാർണിവൽ ഈ മാസം 29ന് നടക്കും. വക്ര ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളാണ് വേദി. പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി സർവീസ് കാർണിവൽ ഒരുക്കുന്നത്. പ്രവാസികൾക്ക് ആവശ്യമായഎല്ലാ തരം സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് കാർണിവലിൽ ലക്ഷ്യമിടുന്നത്.
സാമ്പത്തികം, നിക്ഷേപം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയിലെയും പ്രവാസികളുടെ ആവശ്യങ്ങൾക്ക് കാർണിവൽ പരിഹാരമുണ്ടാക്കും. സർക്കാർ സർക്കാരിതര സ്ഥാപനങ്ങളുടെ പവലിയനുകൾ കർണിവലിൽ ഒരുക്കും. പ്രവേശനം സൗജന്യമാണ്. നിക്ഷേപ ശിൽപശാല, രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി വിദ്യാഭ്യാസ സെഷൻ, സ്ത്രീ തുടർ വിദ്യാഭ്യാസ സാധ്യതകൾ, സി.വി ക്ലിനിക്ക്, മോക് ഇന്റർവ്യൂ കൗണ്ടർ, കരിയർ കിയോസ്‌ക് തുടങ്ങിയവയും സർവീസ് കാർണിവലിന്റെ ഭാഗമാണ്.
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹീം സർവീസ് കാർണിവലിന്റെ പ്രഖ്യാപനം നിർവ്വഹിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് റഷീദ് അലി അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ടുമാരായ അനീസ് റഹ്‌മാൻ, മജീദലി തുടങ്ങിയവർ സംസാരിച്ചു.