Qatar
ഖത്തറിൽ കോവിഡിന്റെ ഒന്നാം തരംഗം കൂടുതൽ ബാധിച്ചത് യുവാക്കളെയെന്ന് പഠനം
Qatar

ഖത്തറിൽ കോവിഡിന്റെ ഒന്നാം തരംഗം കൂടുതൽ ബാധിച്ചത് യുവാക്കളെയെന്ന് പഠനം

Web Desk
|
19 July 2022 4:05 PM GMT

റിപ്പോർട്ട് ഖത്തർ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

ദോഹ: ഖത്തറിൽ കോവിഡിന്റെ ഒന്നാം തരംഗം കൂടുതൽ ബാധിച്ചത് യുവാക്കളെയാണെന്ന് റിപ്പോർട്ടുകൾ. പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിൽ പരിശോധനയുടെ ഡാറ്റ അവലോകനം ചെയ്താണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഏഷ്യൻ വംശജർക്കാണ് കോവിഡ് പെട്ടെന്ന് ബാധിക്കുന്നതെന്നും പഠനം പറയുന്നു

കോവിഡ് ഒന്നാം തരംഗ സമയത്ത് 2020 മാർച്ച് 11 മുതൽ ഡിസംബർ 31 വരെ പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിൽ നടത്തിയ കോവിഡ് പരിശോധനയുടെ ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇതനുസരിച്ച് ഖത്തറിൽ കോവിഡ് ബാധിച്ച 48.2 ശതമാനം പേർ യുവാക്കളാണ്. 19 നും 39 നും ഇടയിൽ പ്രായമുള്ളവർ. 21.8 ശതമാനം പേർ 18 വയസ് വരെ പ്രായമുള്ളവരുമാണ്. ശക്തമായ കോവിഡ് മുൻകരുതലുകളും നിയന്ത്രണങ്ങളും കാരണം 60 വയസിന് മുകളിലുള്ളവർക്ക് കോവിഡ് ബാധിച്ചത് വളരെ കുറവാണ്.

കോവിഡ് ബാധിച്ചവരുടെ ശരാശരി പ്രായം 32 ആണെന്നും പഠനം പറയുന്നു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നൊഴികെയുള്ള ഏഷ്യൻ വംശജർക്കാണ് രോഗം പെട്ടെന്ന് ബാധിച്ചത്. റിപ്പോർട്ട് ഖത്തർ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇന്നും ആയിരത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1202 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്

Similar Posts