സുഹൈൽ ഫാൽക്കൺ മേളയ്ക്ക് സെപ്തംബർ 10ന് തുടക്കം
|ജിസിസിയിലെ തന്നെ ഏറ്റവും വലിയ ഫാൽക്കൺ മേളകളിലൊന്നാണ് കതാറയിലേത്
ദോഹ: ഗൾഫിലെ ഫാൽക്കൺ പ്രേമികളുടെ ഉത്സവമായ സുഹൈൽ ഫാൽക്കൺ മേളയ്ക്ക് സെപ്തംബർ 10ന് തുടക്കം. ഖത്തറിലെ കതാറ കൾച്ചറൽ വില്ലേജിലാണ് മേള നടക്കുക. അടുത്ത മാസം 10ന് തുടങ്ങുന്ന മേള 14 വരെ തുടരും. പോളണ്ട്, ഓസ്ട്രിയ, പോർച്ചുഗൽ, റഷ്യ ഉൾപ്പെടെ 21 രാജ്യങ്ങളാണ് എട്ടാമത് അന്താരാഷ്ട്ര ഫാൽക്കൺ മേളയിൽ പങ്കെടുക്കുന്നത്.
വേട്ടക്കുള്ള ഉപകരണങ്ങൾ, ആയുധങ്ങൾ, കാമ്പിങ് ഉപകരണങ്ങൾ, കാർ, മരുഭൂമിയിൽ ഉപയോഗിക്കാവുന്ന പ്രത്യേക വാഹനങ്ങൾ തുടങ്ങിയവയുമായി 300ലേറെ കമ്പനികൾ ഇത്തവണ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ജിസിസിയിലെ തന്നെ ഏറ്റവും വലിയ ഫാൽക്കൺ മേളകളിലൊന്നാണ് കതാറയിലേത്. മേളയുടെ ഭാഗമായ വേട്ട ആയുധങ്ങളുടെ ലൈസൻസിനായി ആഗസ്റ്റ് 10 മുതൽ 19 വരെ മെട്രാഷ് രണ്ട് വഴി അപേക്ഷിക്കാവുന്നതാണ്. ഇതാദ്യമായി വിവിധ ബ്രാൻഡുകൾക്ക് തങ്ങളുടെ പ്രവർത്തനം പ്രദർശിപ്പിക്കാനും ഇത്തവണ അവസരമൊരുക്കുന്നുണ്ട്.
മുന്തിയ ഇനം ഫാൽക്കൺ പക്ഷികളുടെ വിൽപനയും പ്രദർശനവുമാണ് മേളയുടെ പ്രധാന ആകർഷണം. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരടക്കം എത്തുന്ന മേളയിൽ കോടികളുടെ ലേലമാണ് ഓരോ വർഷവും നടക്കുന്നത്.