ഖത്തറിലെ കനത്ത ചൂടിന് ആശ്വാസമായി ആകാശത്ത് 'സുഹൈല്‍ നക്ഷത്രം' പ്രത്യക്ഷപ്പെട്ടു
|ആകാശത്ത് ഈ നക്ഷത്രം കാണുന്നതോടെ ചൂട് കുറഞ്ഞ് വരുമെന്ന് ഖത്തർ കലണ്ടർ ഹൗസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു
ദോഹ: ഖത്തറിലെ കനത്ത ചൂടിന് ആശ്വാസത്തിന്‍റെ വിളംബരമായി ആകാശത്ത് 'സുഹൈല്‍ നക്ഷത്രം' പ്രത്യക്ഷപ്പെട്ടു. വേനൽ സീസണിന്‍റെ ഒടുവിലത്തെ നക്ഷത്രമായാണ് സുഹൈലിനെ കണക്കാക്കുന്നത്. ഖത്തർ കലണ്ടർ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) ആണ് ആശ്വാസമായി സുഹൈൽ നക്ഷത്രത്തിന്‍റെ വരവ് അറിയിച്ചത്. ആകാശത്ത് ഈ നക്ഷത്രം കാണുന്നതോടെ ചൂട് കുറഞ്ഞ് വരുമെന്ന് ഖത്തർ കലണ്ടർ ഹൗസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.ഇന്ത്യൻ മൺസൂൺ സീസൺ പിൻവാങ്ങുന്നതും അൽ തർഫ് നക്ഷത്രത്തിന്‍റെ ഉദയത്തോടെയാണ്. അതിന് ശേഷമാണ് തണുത്ത കാലാവസ്ഥ കൊണ്ട് വരുന്ന കാറ്റുകൾ വീശിത്തുടങ്ങുക.
ഈ വേനലിൽ താപനില അമ്പതിനടുത്ത് വരെയെത്തിയതിനാൽ സുഹൈൽ നക്ഷത്രത്തിന്‍റെ ഉദയത്തെ വലിയ ആശ്വാസത്തോടെയാണ് വരവേൽക്കുന്നത്. അന്തരീക്ഷ താപനില കുറയുന്നതോടൊപ്പം മഴ പെയ്യാനുള്ള സാധ്യതകളും വർധിക്കുകയാണ്. നാല് ഘട്ടങ്ങളിലായുള്ള സുഹൈൽ നക്ഷത്രത്തിന്‍റെ പ്രാഥമിക ഘട്ടമാണ് അൽ തർഫ്. പിന്നീട് അൽ ജബ്ഹ, ശേഷം അൽ സെബ്റ, അവസാനം അൽ സർഫ എന്നിവയാകും. അൽ തർഫ ഘട്ടത്തിൽ ചൂടും ഹ്യൂമിഡിറ്റിയും വർധിക്കുമെന്നും എന്നാൽ അൽ സർഫയിലേക്കെത്തുമ്പോൾ ചൂടും ഹ്യൂമിഡിറ്റിയും കുറയുകയും കാലാവസ്ഥ തണുപ്പിലേക്ക് നീങ്ങിത്തുടങ്ങുമെന്നും കാലാവസ്ഥ വകുപ്പ് ട്വീറ്റ് ചെയ്തു.