Qatar
terms violation; Qatar Ministry of Public Health has taken action against the health institution
Qatar

നിബന്ധനകൾ ലംഘിച്ച് പ്രവർത്തിച്ചു; ആരോഗ്യ സ്ഥാപനത്തിനെതിരെ നടപടിയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

Web Desk
|
15 Aug 2024 5:11 PM GMT

നിയമലംഘനങ്ങൾ കണ്ടെത്തിയ ഹെൽത്ത് സർവീസ് ഏജൻസി അടച്ചുപൂട്ടിയതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി

ദോഹ: നിബന്ധനകൾ ലംഘിച്ച് പ്രവർത്തിച്ച ആരോഗ്യ സ്ഥാപനത്തിനെതിരെ നടപടിയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പ്രൊഫഷണൽ ലൈസൻസ് ഇല്ലാത്ത ജീവനക്കാരെ നിയമിച്ച ഹെൽത്ത് സർവീസ് ഏജൻസി അടച്ചുപൂട്ടി. രാജ്യത്തെ പൊതുജനാരോഗ്യ മേഖല കുറ്റമറ്റതാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പരിശോധന തുടരുന്നത്. നിയമലംഘനങ്ങൾ കണ്ടെത്തിയ ഹെൽത്ത് സർവീസ് ഏജൻസി അടച്ചുപൂട്ടിയതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സ്ഥാപനത്തിൽ പ്രവർത്തിച്ച അഞ്ചു നഴ്‌സുമാർ, മൂന്ന് ഫിസിയോ തെറാപ്പിസ്റ്റ് എന്നിവർ നിയമലംഘനം നടത്തിയതായി കണ്ടെത്തുകയായിരുന്നു. ആവശ്യമായ പ്രഫഷണൽ ലൈസൻസ് ഇല്ലാതെ പ്രാക്ടീസ് ചെയ്യുക, അനധികൃത തൊഴിലുടമകൾക്ക് വേണ്ടി പ്രവർത്തിക്കുക, അംഗീകൃത ലൈസൻസുകളുടെ പരിധിക്കപ്പുറമുള്ള ജോലികൾ ചെയ്യുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. രാജ്യത്തെ തൊഴിൽ, ആരോഗ്യ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ് ഇവരുടേതെന്ന് മന്ത്രാലയം വ്യക്തമാക്കി.

കുറ്റക്കാരായ ആരോഗ്യ പ്രവർത്തകരുടെ പ്രഫഷണൽ ലൈസൻസ് മന്ത്രാലയം റദ്ദാക്കുകയും ഇവർക്കെതിരെയും സ്ഥാപനത്തിനെതിരെയും നിയമ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറുകയും ചെയ്തു. തൊഴിലുടമയ്ക്കും മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന പരിശോധനയിൽ ലൈസൻസില്ലാത്ത നഴ്‌സുമാർ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ സ്വകാര്യ ക്ലിനിക്കിനെതിരെയും നടപടി സ്വീകരിച്ചിരുന്നു.

Similar Posts