പ്രകൃതിവാതക കയറ്റുമതി രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരുടെ ആറാമത് ഉച്ചകോടി നാളെ ദോഹയിൽ
|ഇന്നലെയും ഇന്നുമായി അംഗരാജ്യങ്ങളിലെ വകുപ്പുമന്ത്രിമാർ പങ്കെടുത്ത ചർച്ചകൾ നടന്നിരുന്നു
പ്രകൃതിവാതക കയറ്റുമതി രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരുടെ ആറാമത് ഉച്ചകോടി നാളെ ദോഹയിൽ. ഖത്തറും റഷ്യയും അടക്കം 11 രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്.പ്രകൃതിവാതക പര്യവേഷണത്തിന് നിക്ഷേപം വർധിപ്പിക്കുക, ഉത്പാദനം കൂട്ടുക, ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുക, ഊർജ സഹകരണം ശക്തിപ്പെടുത്തുന്നതിന് അംഗങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് രാഷ്ട്രനേതാക്കൾ ഒത്തു ചേരുന്നത്.
ഇന്നലെയും ഇന്നുമായി അംഗരാജ്യങ്ങളിലെ വകുപ്പുമന്ത്രിമാർ പങ്കെടുത്ത ചർച്ചകൾ നടന്നിരുന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി, അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മാജിദ് തെബൂൺ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
അംഗരാജ്യങ്ങൾക്ക് പുറമെ 7 നിരീക്ഷക രാജ്യങ്ങളും 3 അതിഥി രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ള പ്രകൃതി വാതക നിക്ഷേപത്തിന്റെ 70 ശതമാനവും ഉള്ളത് കൂട്ടായ്മയിലുള്ള രാഷ്ട്രങ്ങളിലാണ്. അതിനാൽ തന്നെ ആഗോള ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിന് ജിഇസിഎഫിന്റെ തീരുമാനങ്ങൾ നിർണായകമാണ്.