ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയുടെ മൃതദേഹം ഖത്തറിലെത്തിച്ചു
|നാളെ ജുമുഅ നമസ്കാരാനന്തരം ലുസൈലിൽ ഖബറടക്കും
ദോഹ: ഇറാനിൽ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയുടെ മൃതദേഹം ഖത്തറിലെത്തിച്ചു. നാളെ ജുമുഅ നമസ്കാരാനന്തരം ലുസൈലിൽ ഖബറടക്കും. ഫലസ്തീനിന്റെ വിമോചന പോരാളിക്ക് തെഹ്റാനിന്റെ തെരുവുകൾ കണ്ണീരും പ്രാർഥനയുമായാണ് വിട നൽകിയത്. പതിനായിരങ്ങൾ പങ്കെടുത്ത വിലാപയാത്രക്കും മയ്യിത്ത് നമസ്കാരത്തിനു ശേഷമായിരുന്നു മൃതദേഹം വഹിച്ചുള്ള വിമാനം ദോഹയിലേക്ക് പറന്നത്.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ നേതൃത്വം നൽകിയ മയ്യിത്ത് നമസ്കാരത്തിൽ ഇറാൻ പ്രസിഡന്റ് ഉൾപ്പെടെ രാഷ്ട്ര നേതാക്കൾ പങ്കെടുത്തു. വെള്ളിയാഴ്ച ദോഹയിലെ ഏറ്റവും വലിയ പള്ളിയായ ഇമാം മുഹമ്മദ് ബിൻഅബ്ദുൽ വഹാബിൽ നടക്കുന്ന മയ്യിത്ത് നമസ്കാരത്തിലും ആയിരങ്ങൾ പങ്കെടുക്കും. ലുസൈലിലാണ് ഖബറടക്ക ചടങ്ങുകൾ നടക്കുന്നത്.
ഗസ്സ മധ്യസ്ഥ ചർച്ചകളിൽ ഫലസ്തീനികളുടെ ശബ്ദമായിരുന്നു ഹനിയ്യ. സമാധാന ചർച്ചകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് തെഹ്റാനിൽ വെച്ച് കൊല്ലപ്പെടുന്നത്. ഇറാനിൽ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.