ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കം
|35ൽ ഏറെ രാജ്യങ്ങളിൽ നിന്നായി 430ഓളം പ്രസാധകരും 90 ഏജൻസികളും പ്രദർശനത്തിൽ പങ്കെടുക്കും
ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തുടക്കമാവും. ദോഹ എക്സിബിഷിൻ ആൻറ് കൺവെൻഷൻ സെന്ററാണ് ഗള്‍ഫ് മേഖലയിലെ പ്രധാന പുസ്തകമേളയ്ക്ക് വേദിയാകുന്നത്.
ജൂൺ 21 വരെ പത്തു ദിവസം നീണ്ടു നിൽക്കുന്ന പുസ്തക മേളയിൽ മുൻവർഷങ്ങളിലേത് പോലെ പ്രസാധകരുടെയും സന്ദർശകരുടെയും വർധിത പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. പുസ്തക പ്രദർശനത്തിനും വിൽപനക്കും പുറമെ, എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന സെമിനാറുകൾ, ചർച്ചകൾ, സംഗീത-സാംസ്കാരിക പരിപാിടകൾ എന്നിവയും അരങ്ങേറും. ഖത്തർ സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ നടത്തപ്പെടുന്ന പുസ്തക മേള ‘വായനയിലൂടെ നമ്മൾ വളരുന്നു’ എന്ന പ്രമേയത്തിലാണ് ഇത്തവണ സംഘടിപ്പിക്കുന്നത്.
35ൽ ഏറെ രാജ്യങ്ങളിൽ നിന്നായി 430ഓളം പ്രസാധകരും 90 ഏജൻസികളും പ്രദർശനത്തിൽ പങ്കെടുക്കും. 1972ൽ ആരംഭിച്ച ദോഹ പുസ്തക മേള മേഖലയിലെ തന്നെ ആദ്യത്തെ പുസ്തകോത്സവമായിരുന്നു. രണ്ടുവർഷത്തിൽ ഒരിക്കലായി തുടങ്ങിയ മേള, 2002 മുതൽ കലണ്ടർ ഇവന്റായി മാറി.