എക്സ്പാറ്റ് സ്പോർട്ടീവ് സ്പോർട്സ് കാർണിവൽ സമാപിച്ചു
|ആവേശം പകർന്ന് ബ്രസീൽ താരം റഫീഞ്ഞ
ഉത്സവപ്രതീതിയിൽ എക്സ്പാറ്റ് സ്പോർട്ടീവ് സ്പോർട്സ് കാർണിവലിന് പ്രൗഢോജ്വല സമാപനം. ഒരു വർഷം നീണ്ടുനിന്ന കലാ-കായിക പരിപാടികളാണ് കാർണിവലിന്റെ ഭാഗമായി നടത്തിയത്. ബ്രസീൽ താരം റഫീഞ്ഞയാണ് കാർണിവലിന്റെ ഭാഗമായി നടന്ന ഷൂട്ടൗട്ട് ഉദ്ഘാടനം ചെയ്തത്.
പതിനായിരത്തോളം പേരാണ് വിവിധ മത്സരങ്ങൾ ആസ്വദിക്കാൻ കാർണിവൽ നടന്ന റയ്യാൻ പ്രൈവറ്റ് സ്കൂളിൽ എത്തിയത്. ലോകകപ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള 2022 പേരുടെ ഗോൾ വല നിറയ്ക്കൽ ബ്രസീലിയൻ ഫൂട്ബാളർ റഫീഞ്ഞ ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.
കാർണ്ണിവൽ കൾച്ചറൽ ഫിയസ്റ്റ സിനിമാ താരം ഹരിപ്രശാന്ത് വർമ്മ ഉദ്ഘാടനം ചെയ്തു. ദോഹയിലെ പ്രമുഖ കലാകാരന്മാരുടെ മ്യൂസിക്കൽ ഫ്യൂഷൻ ഷോ, മാജിക് ഷോ, ഗാനമേള, നൃത്ത നൃത്ത്യങ്ങൾ തുടങ്ങിയവ അരങ്ങേറി. കാർണ്ണിവൽ സന്ദർശിക്കുന്നവർക്കായി ഒരുക്കിയ ഗെയിം സോണിൽ വിവിധ കളികളും മത്സരങ്ങളും എന്റർടെയ്ന്റ്മെന്റ് സോണിൽ മൈലാഞ്ചി, കരകൗശല വസ്തുക്കൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവയുടെ സ്റ്റാളുകളും ലോകകപ്പ് ചരിത്രങ്ങൾ അനാവരണം ചെയ്യുന്ന കൊളാഷ് പ്രദർശനവും സംഘടിപ്പിച്ചിരുന്നു.
ആത്മവിശ്വാസത്തോടെ ലോകകപ്പിനെ വരവേൽക്കാം എന്ന തലക്കെട്ടിൽ ഒരുമാസമായി നടന്നു വരുന്ന ശരീര ഭാരം കുറയ്ക്കൽ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ സാജിദ് വെള്ളിനിപറമ്പിലും വനിതാ വിഭാഗത്തിൽ ഷഹീന അലി അക്ബറും ജേതാക്കളായി.
വടംവലിയിൽ പുരുഷ വിഭാഗം ഫൈനലിൽ ടീം തിരൂരിനെ പരാജയപ്പെടുത്തി സാക്ക് ഖത്തർ ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തിൽ ഫീനിക്സ് ഖത്തറിനെ പരാജയപ്പെടുത്തി 360 ഡിഗ്രീ മല്ലൂസ് ഫിറ്റ്നസ് ക്ലബ്ബ് കിരീടം ചൂടി. പെനാൽട്ടി ഷൂട്ടൗട്ടിൽ അൽഫ എഫ്സിയെ നാലിനെതിരെ 5 ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ഫാൻസ് ഖത്തർ ജേതാക്കളായി.
സ്പോർട്സ് കാർണ്ണിവലിന്റെ സമാപനത്തിൽ നടന്ന 'ലോകകപ്പിനു പന്തുരുളാൻ ഇനി 50 ദിവസം കൂടി' ആഘോഷ പരിപാടികളിൽ ഖത്തർ കമ്മ്യൂണിറ്റി പോലീസ് ഡിപാർട്ട്മെന്റ് ഡയരക്ടർ ജനറൽ ബ്രിഗേഡിയർ ഇബ്രാഹീം മുഹമ്മദ് റാശിദ് അൽ സിമയ്ഹ് അടക്കം ഖത്തറിൽ നിന്നുള്ള പ്രമുഖരും വിവിധ ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു.