ലോകകപ്പിനെത്തുന്ന 32 ടീമുകളുടെയും ബേസ് ക്യാമ്പുകൾക്ക് അന്തിമ തീരുമാനമായി
|വെസ്റ്റിൻ ഹോട്ടലാണ് നെയ്മറിന്റെയും സംഘത്തിന്റെയും താമസ സ്ഥലം
ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകളുടെയും ബേസ് ക്യാമ്പുകൾ ഏതൊക്കെയെന്ന് തീരുമാനമായി. ചരിത്രത്തിലാദ്യമായി 24 ടീമുകൾക്ക് 10 കിലോമീറ്ററിനുള്ളിലാണ് തമ്പടിക്കുന്നത്. ബ്രസീൽ, അർജന്റീന, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ കരുത്തരെല്ലാം ദോഹയിലാണ് ബേസ് ക്യാമ്പ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഖത്തർ ലോകകപ്പിന്റ കോംപാക്ട് സ്വഭാവം പ്രകടിപ്പിക്കുന്നതാണ് ബേസ് ക്യാമ്പുകളും. 24 ടീമുകളാണ് ദോഹ നഗരത്തിൽ മാത്രം തമ്പടിക്കുന്നത്. വെസ്റ്റിൻ ഹോട്ടലാണ് നെയ്മറിന്റെയും സംഘത്തിന്റെയും താമസ സ്ഥലം. അൽ അറബ് സ്റ്റേഡിയമാണ് പരിശീലന വേദി. സ്പെയിനും അർജന്റീനയും നേരത്തെ തന്നെ ഖത്തർ യൂനിവേഴ്സറ്റി ബേസ് കാമ്പായി പ്രഖ്യാപിച്ചിരുന്നു.
മെസിയും കൂട്ടരും ഹോസ്റ്റൽ ഒന്നിലും സ്പെയിൻ ടീമംഗങ്ങൾ രണ്ടാം ഹോസ്റ്റലിലും താമസിക്കും. യൂനിവേഴ്സിറ്റിക്കുള്ളിൽ തന്നെ പരിശീലന സൗകര്യവുമുണ്ട്. സെന്റ് രേഗിസ് ഹോട്ടസ് ബേസ് ക്യാമ്പാക്കിയ നെതർലാന്റ്സും ഖത്തർ യൂനിവേഴ്സിറ്റിയിലാണ് പരിശീലനം നടത്തുക. ലോകചാമ്പ്യൻമാരായ ഫ്രാൻസിന് അൽമെസ്സില റിസോർട്ടാണ് ബേസ് ക്യാമ്പ്. അൽസദ്ദ് സ്റ്റേഡിയത്തിലാണ് ഇവരുടെ പരിശീലനം.
അൽവക്ര സ്റ്റേഡിയം പരിശീലനത്തിനായി തെരഞ്ഞടുത്ത ഇംഗ്ലീഷുകാർ സൂഖ് അൽ വക്രയിലാണ് ബേസ് ക്യാമ്പ് കണ്ടെത്തിയിരിക്കുന്നത്. ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന്റെ ബേസ് ക്യാമ്പ് അൽസാംറിയ ഹോട്ടലാണ്. ഷഹാനിയ സ്പോർട്സ് സെന്ററിലായി ട്രെയിനിങ്. ജർമനിയും ബെൽജിയവുമാണ് ദോഹയിൽ നിന്നും അൽപം അകലെ ബേസ് ക്യാമ്പ് തെരഞ്ഞെടുത്തവർ. ജർമനി ഖത്തറിന്റെ വടക്കേ അറ്റത്തുള്ള സുലാൽ വെൽനെസ് റിസോർട്ടിലും ബെൽജിയം ഹിൽട്ടൺ സൽവ ബീച്ച് റിസോർട്ടിലുമാണ് താമസിക്കുന്നത്.