ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
|അത്യാധുനിക സൗകര്യങ്ങളോടെയുള്ള എംബസി കെട്ടിടം വെസ്റ്റ്ബേയിലെ നയതന്ത്ര മേഖലയിലാണ് നിർമിക്കുന്നത്
ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് ശിലയിട്ടു. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽഥാനിയും ചേർന്നാണ് ശിലാസ്ഥാപനം നിർവഹിച്ചത്. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ചടങ്ങിൽ പങ്കെടുത്തു.
ഇരു രാജ്യങ്ങളുടേയും ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് ശിലാസ്ഥാപന ഫലകത്തിന്റെ കർട്ടൻ നീക്കി ഇരുവരും ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യ - ഖത്തർ നയതന്ത്ര ബന്ധത്തിന്റെ 50ാം വാർഷികം 2023ൽ നടക്കാനിരിക്കെയാണ് പുതിയ എംബസി കാര്യാലയം ഒരുങ്ങുന്നതെന്ന് ഡോ. എസ്. ജയശങ്കർ പറഞ്ഞു. ഖത്തറിലുള്ള ഏഴ് ലക്ഷത്തോളം ഇന്ത്യൻ പ്രവാസികൾക്ക് മാതൃരാജ്യത്തിന് പുറത്തെ മറ്റൊരു വീടായി എംബസി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഖത്തറും തമ്മിലെ സൗഹൃദവും പരസ്പരധാരണയും ശക്തിപ്പെടുന്നതിന്റെ കൂടി പ്രതിഫലനമായി പുതിയ നയതന്ത്ര കാര്യാലയം നിർമിക്കുന്നതിന് ഭൂമി അനുവദിച്ചതിനെ അടയാളപ്പെടുത്തും. ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണക്കും സ്നേഹത്തിനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്കും, പിതാവ് അമീറിനുംഅദ്ദേഹം നന്ദി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദവും പരസ്പര ബന്ധവും വരുംകാലങ്ങളിലും കൂടുതൽ ശക്തമായി തന്നെ തുടരുമെന്നും ഡോ. എസ്. ജയശങ്കർ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള എംബസി കെട്ടിടം വെസ്റ്റ്ബേയിലെ നയതന്ത്ര മേഖലയിലാണ് നിർമിക്കുന്നത്.