'ഷി ക്യു എക്സലൻസ്' പുരസ്കാരം; നാമനിര്‍ദേശ സമയപരിധി സെപ്തംബര്‍ ഒന്നിന് അവസാനിക്കും
|വിവിധ വിഭാഗങ്ങളിലായി ഇതിനോടകം ആയിരത്തിലേറെ നോമിനേഷനുകള്‍ ലഭിച്ചുകഴിഞ്ഞു.
ദോഹ: ഖത്തറിലെ ഇന്ത്യൻ വനിതകള്‍ക്കായി 'ഗൾഫ് മാധ്യമം' നൽകുന്ന 'ഷി ക്യു എക്സലൻസ്' പുരസ്കാരത്തിന്റെ നാമനിര്‍ദേശത്തിനുള്ള സമയപരിധി സെപ്തംബര്‍ ഒന്നിന് അവസാനിക്കും. 13 വിഭാഗങ്ങളിലായാണ് പുരസ്കാരം നല്‍കുന്നത്.
കൂടുതൽ മോടിയോടെ എത്തുന്ന ഷി ക്യു രണ്ടാം സീസണിൽ ജൂലൈ 20ന് ആണ് നാമനിര്‍ദേശ പ്രക്രിയ ആരംഭിച്ചത്. വിവിധ വിഭാഗങ്ങളിലായി ഇതിനോടകം ആയിരത്തിലേറെ നോമിനേഷനുകള്‍ ലഭിച്ചുകഴിഞ്ഞു. വേനലവധിയും മറ്റു തിരക്കുകളും മൂലം നോമിനേഷന്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്കുള്ള അവസാന അവസരമാണ് നാളെയും മറ്റെന്നാളും.
ഇന്ത്യക്കാരായ പ്രവാസി വനിതകൾക്ക് പുറമെ, ചില വിഭാഗങ്ങളിൽ സ്വദേശികളും മറ്റു രാജ്യക്കാരും ഉൾപ്പെടെ ഖത്തറിൽ നിന്നുവരെയും പരിഗണിക്കുന്നുണ്ട്. പ്രവാസികൾക്കിടയിൽ ക്ഷേമപ്രവർത്തനങ്ങളിലും മറ്റും സജീവമായ വനിതാ കൂട്ടായ്മകളെയും ഷി ക്യൂ പുരസ്കാരം നൽകി ആദരിക്കും. നോമിനേഷനുകള്‍ വിദഗ്ധ പാനല്‍ പരിശോധിച്ച് ചുരുക്കപ്പട്ടിക പ്രഖ്യാപിക്കും.
പൊതുജനങ്ങളുടെ വോട്ടിങ്ങിന്റെ കൂടി അടിസ്ഥാനത്തിലാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുക. സെപ്തംബര്‍ രണ്ടാംവാരം മുതല്‍ വോട്ടെടുപ്പ് തുടങ്ങും.