ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു
|കഴിഞ്ഞ രണ്ടാഴ്ചക്കിടെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇരട്ടി വർധനയാണ് കാണിക്കുന്നത്
ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പ്രതിദിനം ശരാശരി 323 പേർക്കാണ് കോവിഡ് ബാധിക്കുന്നത്, ഇതിൽ മുന്നൂറിലേറെ കേസുകൾ സമ്പർക്ക രോഗികളാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇരട്ടി വർധനയാണ് കാണിക്കുന്നത്. ജൂൺ ആറിന് പ്രസിദ്ധീകരിച്ച പ്രതിവാര കണക്ക് പ്രകാരം ദിവസവും ശരാശരി 159 പേർക്കാണ് രോഗം ബാധിച്ചിരുന്നത്. എന്നാൽ ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അത് 323 ആണ്. കോവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായി വർധിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ആഴ്ചയിൽ ദിനേനെ ശരാശരി 20 യാത്രക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്. 2664 കോവിഡ് രോഗികളാണ് ഇപ്പോൾ ഖത്തറിലുള്ളത്. എന്നാൽ സമീപകാലത്തൊന്നും കോവിഡ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസം നൽകുന്നതാണ്.