2024ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തർ പ്രധാനമന്ത്രി
|ആഗോളതലത്തിൽ ഖത്തർ നടത്തിയ പല നിർണായക ഇടപെടലുകൾക്കും മധ്യസ്ഥ ശ്രമങ്ങൾക്കും നേതൃത്വം നൽകിയതാണ് ഷെയ്ഖ് മുഹമ്മദിന് പട്ടികയിൽ ഇടംനേടി കൊടുത്തത്.
ദോഹ: ടൈം മാഗസിൻറെ 2024ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽതാനി. ആഗോളതലത്തിൽ ഖത്തർ നടത്തിയ പല നിർണായക ഇടപെടലുകൾക്കും മധ്യസ്ഥ ശ്രമങ്ങൾക്കും നേതൃത്വം നൽകിയതാണ് ഷെയ്ഖ് മുഹമ്മദിന് പട്ടികയിൽ ഇടംനേടി കൊടുത്തത്.
വിദേശകാര്യ വിഷയങ്ങളിലും ആഗോള ഇടപെടലുകളിലും ഖത്തറിന്റെ ഉറച്ച ശബ്ദവും നിലപാടുമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽതാനി. ഇസ്രയേലിനും ഹമാസിനുമിടയിലുള്ള വിശ്വസ്തനായ മധ്യസ്ഥൻ എന്നാണ് ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി തിരഞ്ഞെടുത്തുകൊണ്ട് ഖത്തർ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്. യു.എസും ഇറാനും തമ്മിലുള്ള ബന്ദി മോചനത്തിനും, റഷ്യയിൽ കുടുങ്ങിയ യുക്രൈൻ കുട്ടികളെ മോചിപ്പിക്കുന്നതിലും അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കയുടെ പിന്മാറ്റാവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും, യു.എസും വെനസ്വേലയും തമ്മിൽ തടവുകാരെ കൈമാറുന്നതിനുമെല്ലാം ഖത്തർ മധ്യസ്ഥത വഹിച്ചപ്പോൾ അതിന് നേതൃത്വം നൽകിയത് ഖത്തർ പ്രധാനമന്ത്രി കൂടിയായ ഷെയ്ഖ് മുഹമ്മദായിരുന്നു. 2022 ഫിഫ ലോകകപ്പിന് മുമ്പ് ഉയർന്ന വിമർശനങ്ങളെയെല്ലാം നയതന്ത്രപരമായി നേരിടാനും മികച്ച സംഘാടന മികവിലൂടെ വിമർശകരെ അത്ഭുതപ്പെടുത്തുന്നതിലും ഖത്തറിന് സാധിച്ചിരുന്നു.
ഖത്തർ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദം നേടിയ ഷെയ്ഖ് മുഹമ്മദ് ഖത്തറിന്റെ വിദേശകാര്യ മന്ത്രിയായി നിയമിതനാകുന്നത് 2016 ലാണ്. 2023 മാർച്ച് 7ന് ഖത്തർ പ്രധാനമന്ത്രിയായും അദ്ദേഹം ചുമതലയേറ്റു