രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ഖത്തർ പ്രവാസി സാഹിത്യോത്സവ് വെള്ളിയാഴ്ച നടക്കും
|ഖത്തറിലെ അഞ്ഞൂറോളം പ്രതിഭകൾ 80 ഇനങ്ങളിലായി മത്സരിക്കും
ദോഹ: രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്ക്കാരിക വേദി സംഘടിപ്പിക്കുന്ന ഖത്തർ പ്രവാസി സാഹിത്യോത്സവ് അടുത്ത വെള്ളിയാഴ്ച നടക്കും. ഖത്തറിലെ അഞ്ഞൂറോളം പ്രതിഭകൾ 80 ഇനങ്ങളിലായി മത്സരിക്കും. മെഷാഫിലെ പോഡാർ പേൾ സ്കൂളാണ് 14ാമത് പ്രവാസി സാഹിത്യോത്സവിന്റെ വേദി.
യൂണിറ്റ്, സെക്ടർ, സോൺ തലങ്ങളിൽ മത്സരിച്ച് വിജയിച്ച പതിഭകൾ ഗ്രാൻറ് ഫിനാലെയിൽ മാറ്റുരയ്ക്കും. ഇതോടൊപ്പം സ്കൂൾ വിദ്യാർഥികൾക്കായി പ്രത്യേക മത്സരവും നടക്കും. 9 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് മത്സരിക്കാനെത്തുന്നത്. രാവിലെ എട്ട് മണിക്ക് മത്സരങ്ങൾ തുടങ്ങും.
ഉച്ചക്ക് ഒന്നരക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ ഖത്തറിലെ സാമൂഹ്യ- സാംസ്ക്കാരിക- വൈജ്ഞാനിക കലാ രംഗത്തെ പ്രമുഖർ സംബന്ധിക്കും. പ്രേക്ഷകർക്ക് പങ്കെടുക്കാവുന്ന തത്സമയ മത്സര പരിപാടികളും ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സാഹിത്യോത്സവ് സ്വാഗതസംഘം അഡൈ്വസറി ബോർഡ് അംഗം സിറാജ് ചൊവ്വ, ആർ എസ് സി നാഷണൽ എക്സിക്യൂട്ടീവ് സെക്രട്ടറി നംഷാദ് പനമ്പാട്, വിസ്ഡം സെക്രട്ടറി താജുദ്ദീൻ പുറത്തീൽ, എക്സിക്യൂട്ടീവ് ബോർഡ് അംഗം ഉബൈദ് പേരാമ്പ്ര തുടങ്ങിയവർ പങ്കെടുത്തു.