ഇറാനിൽ തടവിലായിരുന്ന അമേരിക്കൻ പൗരന്മാരുടെ മോചനം; ഖത്തറിന് നന്ദി അറിയിച്ച് ജോ ബൈഡൻ
|കഴിഞ്ഞ ദിവസമാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ ഇറാനും അമേരിക്കയും തടവുകാരെ കൈമാറിയത്
ദോഹ: ഇറാനിൽ തടവിലായിരുന്ന അമേരിക്കൻ പൗരന്മാരുടെ മോചനത്തിൽ ഖത്തറിന് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കഴിഞ്ഞ ദിവസമാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ ഇറാനും അമേരിക്കയും തടവുകാരെ കൈമാറിയത്. ടെഹറാനിലെ ജയിലിൽ കഴിഞ്ഞിരുന്ന അഞ്ച് അമേരിക്കൻ പൗരന്മാരെയാണ് കഴിഞ്ഞ ദിവസം ഇറാൻ മോചിപ്പിച്ചത്.
ഇതോടൊപ്പം അമേരിക്കയിലെ ജയിലുകളിൽ കഴിഞ്ഞിരുന്ന അഞ്ച് ഇറാനിയൻ പൗരന്മാരെ അമേരിക്കയും മോചിപ്പിച്ചു. ഖത്തർ വഴിയാണ് തടവുകാരെ കൈമാറിയത്. മാസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ ബുദ്ധിമുട്ടേറിയ ദൗത്യം ലക്ഷ്യത്തിലെത്തിച്ചതിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ജോ ബൈഡൻ നന്ദി അറിയിച്ചു.
ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് തടവുകാരെ മോചിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയായത്. തിങ്കളാഴ്ച വൈകിട്ടാണ് ഇറാനിൽ തടവിലായ അഞ്ച് അമേരിക്കൻ പൗരന്മാരെയും യുഎസിൽ തടവിലായ അഞ്ച് ഇറാനികളിൽ രണ്ട് പേരെയും ദോഹയിൽ എത്തിച്ച് കൈമാറിയത്. അഞ്ച് ഇറാനികളിൽ മൂന്നു പേർ അമേരിക്കയിൽ തന്നെ തുടരാൻ താൽപര്യം പ്രകടിപ്പിച്ചു.