ലോകകപ്പ് സമയത്ത് ആരാധകരുടെ തിരക്ക് നിയന്ത്രിക്കാൻ സംവിധാനമൊരുക്കി ഖത്തർ യൂണിവേഴ്സിറ്റി
|ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഖത്തർ യൂണിവേഴ്സിറ്റി എഞ്ചിനീയറിങ് കോളജ് പുതിയ പദ്ധതി വികസിപ്പിച്ചത്
ദോഹ: ലോകകപ്പ് സമയത്ത് ആരാധകരുടെ തിരക്ക് നിയന്ത്രിക്കാൻ സംവിധാനമൊരുക്കി ഖത്തർ യൂണിവേഴ്സിറ്റി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഖത്തർ യൂണിവേഴ്സിറ്റി എഞ്ചിനീയറിങ് കോളജ് പുതിയ പദ്ധതി വികസിപ്പിച്ചത്.
കോംപാക്ട് ലോകകപ്പാണ് ഖത്തർ ലോകകപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. എട്ട് സ്റ്റേഡിയങ്ങളും കുടക്കീഴിൽ. സ്റ്റേഡിയങ്ങൾ തമ്മിലുള്ള പരമാവധി അകലം 55 കിലോമീറ്റർ. ലോകകപ്പിനായി ഖത്തറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത് 15 ലക്ഷം ആരാധകരാണ്. ആരാധകക്കൂട്ടങ്ങളും ആവേശ പ്രകടനങ്ങളും ലോകകപ്പിൽ സ്വാഭാവികമാണ്. എന്നാൽ ഇതൊരു തിരക്കായി മാറാതിരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡ്രോണുകളും ഉപയോഗിച്ച് പദ്ധതി വികസിപ്പിച്ചിരിക്കുകയാണ് ഖത്തർ യൂനിവേഴ്സിറ്റിയിലെ എഞ്ചിനീയറിങ് വിഭാഗം.
ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിയുമായി സഹകരിച്ചാണ് പദ്ധതി. ഫേസ് റെക്കഗ്നേഷൻ, അബ്നോർമൽ ഇവന്റ് ഡിറ്റക്ഷൻ, ആൾക്കൂട്ടത്തിന്റെ വലിപ്പം എന്നിവയെല്ലാം ഈ സാങ്കേതികവിദ്യയിലൂടെ കണ്ടെത്താം. ലോകകപ്പിന്റെ സുരക്ഷയ്ക്കും യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിലും പദ്ധതി ഗുണം ചെയ്യും. സ്റ്റേഡിയങ്ങൾക്കും ഫാൻ സോണുകൾക്കും മുകളിൽ മാത്രമല്ല, ആരാധകർ കൂടാനിടയുള്ള പ്രദേശങ്ങളിലെല്ലാം ഈ ഡ്രോൺ നിരീക്ഷണങ്ങളുണ്ടാകും.