ഖത്തറില്‍ പരമ്പരാഗത തൊഴില്‍ മേഖലയില്‍ വലിയ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് പഠനം
|ഖത്തറിലെ തൊഴിലുകളില്‍ 52 ശതമാനം യന്ത്രവത്കരിക്കപ്പെടും.
ദോഹ: ഖത്തറില്‍ പരമ്പരാഗത തൊഴില്‍ മേഖലയില്‍ വരും വര്‍ഷങ്ങളില്‍ വലിയ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ കണ്ടെത്തല്‍. പകുതിയിലേറെ തൊഴിലുകള്‍ യന്ത്രവത്കരിക്കപ്പെടും. സാങ്കേതിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പഠനം പറയുന്നു.
ലോകമൊട്ടാകെ വേള്‍ഡ് ഇക്കണോമിക് ഫോറം നടത്തിയ സര്‍വേയിലാണ് തൊഴില്‍ രംഗത്ത് അടുത്ത ആറേഴ് വര്‍ഷം കൊണ്ട് ഉണ്ടാകാനിടയുള്ള മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്. ഖത്തര്‍ അടക്കമുള്ള ജിസിസി രാജ്യങ്ങളില്‍ പരമ്പരാഗത തൊഴില്‍ രീതികള്‍ മാറും. ഖത്തറിലെ തൊഴിലുകളില്‍ 52 ശതമാനം യന്ത്രവത്കരിക്കപ്പെടും. ബഹ്റൈനിലും സൗദി അറേബ്യയിലും ഇത് 46 ശതമാനമായിരിക്കും.
ക്ലര്‍ക്ക്, സെക്രട്ടറി, കാഷ്യര്‍, ബാങ്ക് ടെല്ലേഴ്സ് തുടങ്ങിയ തൊഴിലവസരങ്ങള്‍ ചുരുങ്ങും. ഡിജിറ്റലൈസേഷനും ഓട്ടോമേഷനുമാണ് കാരണം. ഇതേ സമയം മെഷീന്‍ ലേണിങ്, ബിസിനസ് ഇന്റലിജന്‍സ് അനലിസ്റ്റ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി തുടങ്ങിയ മേഖലകളാണ് ഭാവിയില്‍ കൂടുതല്‍ തൊഴില്‍ നല്‍കുക. വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് പഠനം പറയുന്നു.